
തൃശൂർ: സ്വകാര്യ മെഡിക്കൽ കോളേജിൽ പി.ജി വിദ്യാർത്ഥിനിയെ അദ്ധ്യാപകർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അദ്ധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു.
അമല മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗത്തിലെ ഡോ. എൻ. രവി (60), ഡോ. കേശവൻ (65), മുൻ വിദ്യാർത്ഥിയായ ഡോ. മുഹസിൻ മുഹമ്മദാലി (35) എന്നിവർക്കെതിരെയാണ് ആരോപണം.
കേസിൽ പേരാമംഗലം പൊലീസ് അന്വേഷണം ശക്തമാക്കി. വിദ്യാർത്ഥിനിയെ ചേർത്തുപിടിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതി വകുപ്പു മേധാവിയെ അറിയിച്ചപ്പോൾ മോശമായ രീതിയിൽ അസഭ്യ പരാമാർശം നടത്തുകയായിരുന്നു. സ്ഥാപനത്തിന് മോശം വരുത്തുന്ന പരാതികൾ നൽകിയാൽ പ്രത്യാഘാതം നേരിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. വിദ്യാർത്ഥികളുടെ പാർട്ടി നടക്കുന്ന ദിവസം ഹോട്ടലിൽ ഡോ. മുഹസിൻ മാനഭംഗപ്പെടുത്താൻ ലക്ഷ്യമിട്ട് ബലപ്രയോഗം നടത്തിയെന്നും ഫോൺ രേഖകൾ തട്ടിയെടുക്കാൻ ശ്രമിച്ചതായും പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. മെരിറ്റ് വിഭാഗത്തിൽ സീറ്റ് നേടിയ വിദ്യാർത്ഥിനി, തിരുവനന്തപുരം സ്വദേശിനിയാണ്. 2017ലായിരുന്നു സംഭവം. മൂന്നുവർഷം കടുത്ത പീഡനം അനുഭവിച്ചാണ് കോഴ്‌സ് പൂർത്തിയാക്കിയത്. ഭീഷണിയും മാനസികപീഡനവും പരിഹാസവും ഒറ്റപ്പെടുത്തലും ഡിപ്പാർട്ട്മെന്റിൽ നിന്ന് കോഴ്സിന്റെ കാലയളവിൽ നേരിടേണ്ടി വന്നുവെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ മാനേജ്‌മെന്റിന് പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ല. തുടർന്നാണ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. മജിസ്‌ട്രേറ്റിന് മുന്നിലും മൊഴി നൽകി. അദ്ധ്യാപകരുടെ അസഭ്യസംസാരം മൊബൈലിൽ പകർത്തിയതിന്റെ രേഖകളും ഹോട്ടലിൽ നടന്ന സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യവും പൊലീസിന് കൈമാറി. പൊലീസ് കോളേജിലെത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്.