koratti

ചാലക്കുടി: പൊരിയുന്ന വയറുകൾക്ക് വിശപ്പടക്കാൻ കൊരട്ടിയുടെ പാഥേയം. വിശന്നെത്തുന്നവരെ കാത്ത് കൊരട്ടിയിൽ ഇനി പൊതിച്ചോറുകളുണ്ടാകും. അരിഭക്ഷണം തീർന്നാലും പ്രത്യേകം തയ്യാറാക്കിയ ബൂത്തുകളിൽ വിശപ്പടക്കാൻ എന്തെങ്കിലുമൊക്കെ കാണും. രാവിലെ 11 മുതൽ രാത്രി എട്ട് വരെയുള്ള സമയങ്ങളിൽ ബന്ധപ്പെട്ടവരെ സമീപിക്കുന്ന ആർക്കും ഭക്ഷണം ലഭിക്കും. ഭക്ഷ്യ സുരക്ഷ മുഖ്യ അജണ്ടയാക്കിയ സർക്കാരിനു കൈത്താങ്ങാകുകയാണ് കൊരട്ടി മുത്തിയുടെ നാട്ടിലെ പൗരാവലി.
ലോക്ക് ഡൗൺ കാലത്ത് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.കെ. അരുൺ നേതൃത്വം കൊടുത്ത ഭക്ഷണപ്പൊതി വിതരണമാണ് ഇത്തരമൊരു സംരംഭത്തിന് പ്രചോദനം. ദേശീയ പാതയിലൂടെ നിറച്ച ലോഡുകളുമായി കടന്നുപോയിരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ വയറുകൾ കാലിയായിരുന്നു. അവർക്ക് വിശപ്പടക്കാൻ ഭക്ഷണപ്പൊതികൾ വച്ചു നീട്ടിയ കൊരട്ടിയിലെ ജനമൈത്രി പൊലീസ് ആഭ്യന്തര വകുപ്പിന് തന്നെ അഭിമാനമായി മാറിയിരുന്നു.
അന്നദാനം മഹാദാനം എന്ന പൊരുൾ യാഥാർത്ഥ്യമാക്കാൻ കൊരട്ടിയിലെ കരുണ വറ്റാത്ത മനസുകളും സഹായ ഹസ്തം നീട്ടിയിരുന്നു. അവരുടെ മനസിൽ അന്നു മുളപൊട്ടിയ ആശയമാണ് ഇന്ന് കൊരട്ടിക്കാർക്കെല്ലാം അഭിമാനമായി മാറുന്നത്. ചോറ് തീർന്നാൽ ചപ്പാത്തി, റൊട്ടി തുടങ്ങിയ ഭക്ഷണ സാധനങ്ങളും ഷെൽട്ടറിൽ ഉണ്ടാകും. ബിസ്‌കറ്റുകളും ലഭിക്കും. താത്പര്യമുള്ള ആർക്കും ബൂത്തിൽ ഭക്ഷണപ്പൊതികൾ ഏൽപ്പിക്കാം. ആവശ്യത്തിന് കുടിവെള്ളവും ബൂത്തുകളിൽ തയ്യാറാണ്. സാമൂഹിക വിരുദ്ധരുടെ കടന്നു കയറ്റമില്ലാതാക്കാൻ പരിസരത്തെ ആട്ടോ തൊഴിലാളികൾ ജാഗരൂകരാണ്. സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന പാഥേയം പദ്ധതി കൊരട്ടി പൊലീസിന്റെ ജനസേവന പ്രവർത്തനങ്ങളിൽ ഒരു പൊൻ തൂവൽ കൂടി ചേർക്കുകയാണ്. ഒപ്പം പൗരാവലിയുടെ ആർദ്രമായ മനസുകൾക്കുള്ള അംഗീകാരവും.
ബി.ഡി. ദേവസി എം.എൽ.എ പാഥേയം പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. തോമസ്, കൊരട്ടി ഫൊറോന വികാരി ഫാ. തോമസ് ഇടശേരി, പി. വിമൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭക്ഷണപ്പൊതികൾ സൂക്ഷിക്കുന്നതിന് ഷെൽട്ടറുകൾ തയ്യാറാക്കി നൽകിയ കെ.പി. ഷൈജു, പി.കെ. സുന്ദരൻ, ലോക്ക് ഡൗൺ കാലത്ത്് ലോറി ഡ്രൈവർമാർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നതിന് നേതൃത്വം നൽകിയ സി.ഐ ബി.കെ. അരുൺ എന്നിവരെ ആദരിച്ചു.

"ജനമൈത്രി പൊലീസിന്റെ വാട്‌സ് ആപ്പ് കൂട്ടായ്മയിൽ നിന്നും രൂപീകരിച്ച സമിതിക്കാണ് പദ്ധതിയുടെ നടത്തിപ്പ്. ഇവരുമായി ബന്ധപ്പെട്ടാൽ ഭക്ഷണം നിക്ഷേപിക്കാൻ അനുവാദം ലഭിക്കും. ഭക്ഷണത്തിന്റെ ഗുണനിലവാരം പരശോധിക്കുന്നതിന് ആരോഗ്യ പ്രവർത്തകരുടെ നിരന്തര പരിശോധന ഉണ്ടാകും.

ബി.കെ. അരുൺ
സർക്കിൾ ഇൻസ്‌പെക്ടർ, കൊരട്ടി