covid

തൃശൂർ: കൊവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള ജില്ലകളിലൊന്നായി തൃശൂർ മാറുമ്പോൾ സ്വകാര്യ ആശുപത്രികൾ രോഗികളെ പ്രവേശിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകും. ഗവ. മെഡിക്കൽ കോളേജുകളിലും മറ്റ് സർക്കാർ ആശുപത്രികളിലും കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും രോഗികൾ നിറഞ്ഞുകഴിഞ്ഞു. ഇനി രോഗികൾ കൂടിയാൽ ഇവിടെ പ്രവേശിപ്പിക്കാനാവില്ല.

വീടുകളിൽ ചികിത്സയിലുള്ളവരുടെ നില ഗുരുതരമായാൽ ഉടൻ ആശുപത്രികളിലേക്ക് മാറ്റേണ്ടതുണ്ട്. ഗുരുതരാവസ്ഥയിലുള്ളവർ ഗവ. മെഡിക്കൽ കോളേജിലും അമല, ജൂബിലി മെഡിക്കൽ കോളേജുകളിലും ചികിത്സയിലാണ്. ചിലർ വെൻ്റിലേറ്ററിലുമാണ്. ആറായിരത്തിലേറെ പേർ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലും വീടുകളിലുമായി ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളിൽ 20 ശതമാനം കിടക്കകൾ കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് നീക്കിവയ്ക്കണമെന്ന് മൂന്ന് മാസം മുമ്പ് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും പത്തോളം ആശുപത്രികളിൽ മാത്രമാണ് രോഗികളുള്ളത്. മറ്റ് അസുഖങ്ങൾക്കെത്തുന്ന രോഗികൾക്ക് രോഗം സ്ഥിരീകരിച്ചാൽ കൊവിഡ് വാർഡിലേക്ക് മാറ്റി ചികിത്സിക്കുന്നുണ്ട്.

പരിശീലനത്തിൻ്റെ ആവശ്യമില്ല

രാജ്യത്ത് കൊവിഡ് ആദ്യം സ്ഥിരീകരിച്ച ജില്ലയാണ് തൃശൂർ. കഴിഞ്ഞ എട്ടുമാസത്തെ അനുഭവവും ഡോക്ടർമാർക്കുണ്ടാകും. അതുകൊണ്ടു തന്നെ സ്വകാര്യമേഖലയിലെ ഡോക്ടർമാർക്ക് പ്രത്യേകപരിശീലനം ആവശ്യമില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എല്ലാ രാജ്യങ്ങളിലും സ്വീകരിക്കേണ്ട പ്രോട്ടോകോൾ വെബ്സൈറ്റുകളിൽ ലഭ്യമാണ്. കൊവിഡ് വ്യാപനത്തിൻ്റെ തുടക്കത്തിൽ തന്നെ ദയ ആശുപത്രി ചികിത്സയ്ക്ക് അനുമതി തേടിയിരുന്നു.

നിരക്ക് മിതമാകണം


കൊവിഡ് രോഗികളെ സ്വകാര്യആശുപത്രികളിൽ പ്രവേശിപ്പിക്കുമ്പോൾ ചികിത്സാച്ചെലവ് താങ്ങാവുന്നതാവണമെന്നും ഏകീകരണം ഉണ്ടാകണമെന്നും അധികനിരക്ക് ഈടാക്കിയാൽ നടപടികളുണ്ടാകണമെന്നും ആവശ്യം ഉയരുന്നുണ്ട്. കൊവിഡ് കാലത്ത് മറ്റ് രോഗികളുടെ വരവ് കുറഞ്ഞതോടെ മിക്കവാറും ആശുപത്രികൾ സാമ്പത്തികപ്രതിസന്ധിയിലാണ്. ഇത് മറികടക്കാൻ കൊവിഡ് രോഗികളെ പിഴിയരുതെന്നാണ് ആരോഗ്യമേഖലയിലുളളവരുടെ നിർദ്ദേശം. ജനറൽ വാർഡ്, ഐ.സി.യു, വെൻ്റിലേറ്റർ എന്നിവയ്ക്കുള്ള പ്രതിദിന നിരക്ക് സർക്കാർ നിശ്ചയിച്ചിരുന്നു. പി.പി.ഇ കിറ്റിനുള്ള ചാർജും ഈടാക്കാമെന്ന് നിർദ്ദേശിച്ചിരുന്നു.

"കൊവിഡ് വൈറസിൻ്റെ സാന്നിദ്ധ്യം ഉടനെ ഇല്ലാതാകില്ലെന്നത് വ്യക്തമാണ്. അതുകൊണ്ടു തന്നെ സ്വകാര്യ ആശുപത്രികൾക്ക് കൊവിഡ് രോഗികളെ മാറ്റിനിറുത്തി പ്രവർത്തിക്കാനാകുമെന്ന് തോന്നുന്നില്ല. രോഗികളെ ഏറ്റെടുക്കാൻ എല്ലാ ആശുപത്രികളും മുന്നോട്ടു വരണം.

ഡോ. കെ.ജെ റീന

ഡി.എം.ഒ