rlv-ramakrishnan

തൃശൂർ / ചാലക്കുടി : സംഗീതനാടക അക്കാഡമിയുടെ അവഗണനയി​ൽ മനംനൊന്ത് ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കലാഭവൻ മണിയുടെ സഹോദരൻ ഡോ. ആർ.എൽ.വി രാമകൃഷ്ണൻ ആശുപത്രിയിൽ സുഖം പ്രാപിച്ചു. സംഭവത്തിൽ ആരെയും കുറ്റപ്പെടുത്താതെ രാമകൃഷ്ണൻ പൊലീസിന് മൊഴി നൽകി. അക്കാഡമിയുടെ മോഹിനിയാട്ട മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ മനോവിഷമത്താലാണ് ഉറക്കഗുളിക കഴിച്ചതെന്ന് മൊഴിയിലുണ്ട്. എന്നാൽ ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചെന്നതിനെക്കുറിച്ച് സൂചനയില്ല. ഈ സാഹചര്യത്തിൽ ഇത്‌ സംബന്ധിച്ച് കേസെടുക്കില്ലെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ടുതന്നെ രാമകൃഷ്ണൻ എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് പൊലീസ് പരിശോധിക്കില്ല.

ശനിയാഴ്ച രാത്രി ചാലക്കുടി ചേനത്തുനാടുള്ള കലാഗൃഹത്തിൽ അബോധാവസ്ഥയിൽ രാമകൃഷ്ണനെ കണ്ടെത്തുകയായിരുന്നു. അമിതമായി ഉറക്ക ഗുളിക കഴിച്ചുവെന്ന് താലൂക്ക് ആശുപത്രിയിൽ ഡോക്ടറോട് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുള്ള കാരണം കലാഗൃഹത്തിൽ വച്ചിരിക്കുന്ന കത്തിലുണ്ടെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം, അക്കാഡമിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നായിരുന്നു ചെയർപേഴ്‌സൺ കെ.പി.എ.സി. ലളിതയുടെ പ്രതികരണം. ആർ.എൽ.വി. രാമകൃഷ്ണനോട് താൻ പറഞ്ഞതായി പ്രചരിക്കുന്ന സംഭാഷണം സത്യവിരുദ്ധമാണ്. കൊവിഡ് കാലത്ത് പരീക്ഷണമായാണ് ഓൺലൈൻ പരിപാടി ആരംഭിച്ചത്. ഇതിൽ നൃത്തപരിപാടികളെ സംബന്ധിച്ച് പ്രാഥമിക ചർച്ചയോ അപേക്ഷ ക്ഷണിക്കലോ തീരുമാനമോ ഉണ്ടായിട്ടില്ല. അതുകൊണ്ട്, രാമകൃഷ്ണന്റെ അപേക്ഷ തിരസ്‌കരിച്ചു എന്ന ആരോപണം ദുരുദ്ദേശ്യപരമാണെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു.

ഭാഷാശൈലി അപമാനകരം: പു.ക.സ

അക്കാഡമി ചെയർപേഴ്സന്റെ പ്രസ്താവന രാമകൃഷ്ണനെ മാനസികമായി തളർത്തിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും ആ പ്രസ്താവനയുടെ ഭാഷാശൈലി പോലും സമുന്നതനായ ആ കലാകാരനെ അപമാനിക്കുന്ന വിധമായിരുന്നുവെന്നും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഫേസ്ബുക്കിൽ പ്രതികരിച്ചു. രാമകൃഷ്ണൻ ആത്മഹത്യാ ശ്രമം നടത്തിയതിനുത്തരവാദികളായ സംഗീത നാടക അക്കാഡമി അദ്ധ്യക്ഷ രാജിവയ്ക്കണമെന്നും മന്ത്രി എ.കെ. ബാലൻ മറുപടി പറയണമെന്നും ആവശ്യപ്പെട്ട് പട്ടികജാതി മോർച്ച ചാലക്കുടിയിൽ പ്രതിഷേധം നടത്തി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പങ്കെടുത്തു.