studio-

തൃശൂർ: ജനക്കൂട്ടത്തെ ഇളക്കി മറിക്കുന്ന വമ്പൻ റാലികളും പൊതുയോഗങ്ങളും തീപ്പൊരിപ്രസംഗങ്ങളും സാദ്ധ്യമല്ലാതായതോടെ വെർച്വൽ ലോകത്തിന്റെ സാദ്ധ്യത തേടുകയാണ് രാഷ്ട്രീയനേതാക്കൾ. അതിനുള്ള സ്റ്റുഡിയോകൾ ഒരുങ്ങിക്കഴിഞ്ഞു. മുൻകാലങ്ങളിൽ സ്റ്റുഡിയോയിൽ വന്ന് ഫോട്ടോ എടുത്തുപോകുന്ന സ്ഥാനാർത്ഥികൾ ഇത്തവണ ചൂടൻ പ്രസംഗവുമായി സാമൂഹികമാദ്ധ്യമങ്ങളിൽ നിറയും.

പ്രസംഗവിഷയങ്ങളെ സാധൂകരിക്കുന്ന ദൃശ്യങ്ങൾ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന രീതിയിലാക്കി സി.ഡി നൽകാൻ കഴിയും. എതിർപക്ഷത്തെ നേതാക്കൾ മുമ്പ് പറഞ്ഞത് മാറ്റിപ്പറയുന്നതെല്ലാം ചിത്രീകരിക്കാനാകും. അതിനായി രാഷ്ട്രീയ സംഘടനകളുടെയും നേതാക്കളുടെയും വീഡിയോദൃശ്യങ്ങൾ സ്റ്റുഡിയോകൾ ശേഖരിക്കാനും തുടങ്ങി. വിവാദവിഷയങ്ങളുടെ ദൃശ്യങ്ങളും വീഡിയോകളും കൃത്യമായ ഇടവേളകളിൽ നൽകുമ്പോൾ കാണുന്നവരിൽ തങ്ങളുടെ നിലപാട് അടിച്ചേൽപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ പ്രചാരണരീതി തുടരും.

വെർച്വൽ റാലികൾ പരമാവധി പേരിൽ എത്തിക്കുന്നതിനായി അന്യസംസ്ഥാനങ്ങളിൽ രാഷ്ട്രീയകക്ഷികൾ പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. പ്രസംഗങ്ങൾ കാണുന്നതിനായി ബൂത്തു തലങ്ങളിൽ അടക്കം പ്രത്യേക സജ്ജീകരണം ഒരുക്കുന്നുണ്ട്. ബൂത്തു തലങ്ങളിൽ വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി പ്രസംഗങ്ങളുടെ വീഡിയാേകൾ ഷെയർ ചെയ്യുന്നതും വ്യാപകമാണ്. 10 ലക്ഷത്തിലേറെ പേർക്ക് ഒരേ സമയം പരിപാടി കാണാൻ സാധിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും പാർട്ടി ഒരുക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളെ മാതൃകയാക്കിയാണ് കേരളത്തിലും വെർച്വൽ ലോകത്തിൻ്റെ വഴി തുറക്കുന്നത്.

മുഖ്യ അങ്കത്തട്ട് സാമൂഹിക മാദ്ധ്യമങ്ങൾ

വെർച്ച്വൽ സ്റ്റുഡിയോകളായാലും വെർച്ച്വൽ ഇവൻ്റുകളായാലും സാമൂഹിക മാദ്ധ്യമങ്ങളാകും പ്രധാന അങ്കത്തട്ട്. ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും ഇൻസ്റ്റഗ്രാമിലുമെല്ലാം പ്രചാരണവീഡിയോകളുടെ പൊടിപൂരമാകും. സ്റ്റുഡിയോയിൽ ഒരുക്കുന്ന വേദിയിൽ നിശ്ചിത എണ്ണം പ്രാസംഗികരെയും ഉൾപ്പെടുത്താനാകും. പണം വാരിയെറിഞ്ഞാൽ ഓഗ്മെൻ്റഡ് റിയാലിറ്റിയിലെ പരീക്ഷണങ്ങളും തിരഞ്ഞെടുപ്പുകളിൽ ചർച്ചയാകും. എന്തായാലും വെർച്വൽ സ്റ്റുഡിയോകളിൽ രാഷ്ടീയക്കാരുടെ ബുക്കിംഗ് തുടങ്ങിയതായാണ് വിവരം.

സവിശേഷതകൾ

ഏത് വിഷയത്തിലുള്ള വീഡിയോകളും കാലതാമസമില്ലാതെ തയ്യാറാക്കാം

വേദിക്കും പന്തലിനും മൈക്കിനും അലങ്കാരപ്പണികൾക്കും പണം മുടക്കേണ്ട.

ഒരു മണിക്കൂർ വെർച്വൽ പ്രസംഗത്തിന് ഈടാക്കുന്നത് ശരാശരി 6,000 രൂപ

പ്രസംഗം നിശ്ചിതസമയമുള്ള മൂന്ന് ഭാഗങ്ങളാക്കി നൽകാനാകും

'' വെർച്വൽ പ്രസംഗങ്ങൾ തേടിവരുന്ന രാഷ്ട്രീയക്കാർ കൂടുന്നുണ്ട്. ഈ സാങ്കേതികവിദ്യയുടെ വ്യത്യസ്ത സാദ്ധ്യതകൾ കൂടുതൽ പരീക്ഷിക്കാനാണ് ശ്രമിക്കുന്നത്.

ധിഷൻ ചന്ദ്രൻ

ദക്ഷ് വെർച്വൽ സ്റ്റുഡിയോ.