തൃശൂർ: പാണഞ്ചേരി പഞ്ചായത്തിലെ ആശാരിക്കാട് കുടിവെള്ള പദ്ധതി വൈകാതെ സൗരോർജ്ജ വൈദ്യുതിയിൽ പ്രവർത്തിച്ചു തുടങ്ങും. പദ്ധതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തിന്റെ 18 ലക്ഷം രൂപ വിനിയോഗിച്ചാണ് കുടിവള്ള പദ്ധതിക്ക് സൗരോർജ്ജ വൈദ്യുതി സംവിധാനം ഏർപ്പെടുത്തിയത്.

സർക്കാർ ഏജൻസിയായ അനെർട്ടിനാണ് പദ്ധതിയുടെ ചുമതല. 120 കുടുംബങ്ങൾ ഗുണഭോക്താക്കളായ പാണഞ്ചേരി പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നാണ് ആശാരിക്കാട് കുടിവെള്ള പദ്ധതി. ഓരോ തവണയും 20,000 രൂപയ്ക്ക് മുകളിലുള്ള തുകയാണ് വൈദ്യുതി ബില്ല് ഇനത്തിൽ ഇവർ അടച്ചുകൊണ്ടിരുന്നത്. അതിനാൽ, നിർദ്ധന കുടുംബങ്ങൾ ഉൾപ്പെടുന്ന ഗുണഭോക്താക്കൾക്ക് സൗരോർജ്ജ പദ്ധതി ആശ്വാസമാകും.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. അനിത, ജില്ലാ പഞ്ചായത്ത് അംഗം ലില്ലി ഫ്രാൻസിസ്, ആശാരിക്കാട് ഗ്രാമീണ ബാങ്ക് പ്രസിഡന്റ് കെ.എ. ഗോപാലൻ, എം. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ആശാരിക്കാട് കുടിവെള്ള പദ്ധതി

നിർമ്മാണം ജില്ലാ പഞ്ചായത്തിന്റെ 18 ലക്ഷം ഉപയോഗിച്ച്

പദ്ധതിയുടെ നിർമ്മാണച്ചുമതല - സർക്കാർ ഏജൻസിയായ അനർട്ടിന്

ഗുണഭോക്താക്കൾ - പാണഞ്ചേരി പഞ്ചായത്തിലെ 120 കുടുംബങ്ങൾ