
കുട്ടനെല്ലൂർ (തൃശൂർ): ഡെന്റൽ ക്ളിനിക്കിൽ വച്ച് സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡെന്റൽ ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകൾ സോനയാണ് (30) മരിച്ചത്. കഴിഞ്ഞമാസം 29നായിരുന്നു സംഭവം. ഡോക്ടറെ കുത്തിയ ശേഷം പാവറട്ടി സ്വദേശിയായ മഹേഷ് രക്ഷപ്പെടുകയായിരുന്നു. ഇയാളെ പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: വിവാഹബന്ധം വേർപെടുത്തിയ ശേഷം സോന, അവിവാഹിതനായ മഹേഷിനൊപ്പം കുരിയച്ചിറയിലെ ഫ്ളാറ്റിൽ താമസിക്കുകയായിരുന്നു. മഹേഷിന്റെ പേരിലാണ് കുട്ടനെല്ലൂരിൽ ഡെന്റൽ ക്ലിനിക്കിനായി മുറി വാടകയ്ക്ക് എടുത്തിരുന്നത്. അടുത്തിടെ സോനയും മഹേഷുമായി സാമ്പത്തിക തർക്കങ്ങളുണ്ടായിരുന്നു. ഇതുസംബന്ധിച്ച് പരാതി ഒല്ലൂർ പൊലീസിൽ നൽകുകയും ചെയ്തു. ഇതറിഞ്ഞ പ്രതി ക്ലിനിക്കിലെത്തി സോനയെ കുത്തുകയായിരുന്നു. വയറ്റിലും കൈയ്ക്കും കുത്തേറ്റ ഡോക്ടറെ ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം രാവിലെ മരിച്ചു. ഒല്ലൂർ സി.ഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് അന്വേഷണം നടത്തുന്നത്. ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ രണ്ട് ദിവസം മുമ്പ് പൊലീസ് കണ്ടെടുത്തു. പ്രതിയെ രണ്ട് ദിവസത്തിനകം പിടികൂടാനാകുമെന്ന് പൊലീസ് പറയുന്നു. സംസ്കാരം പിന്നീട് നടക്കും.