
തൃശൂർ : മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡുകളിൽ രോഗികൾക്ക് ഒപ്പം ദുരിതം പേറി ജീവനക്കാരും. മെഡിക്കൽ കോളേജിലും ഇ.എസ്.ഐ ആശുപത്രികളിലുമായി ക്രമീകരിച്ചിട്ടുള്ള കൊവിഡ് വാർഡുകളിൽ ഇപ്പോൾ ചികിത്സ തേടിയെത്തുന്നവരിൽ ഭൂരിഭാഗം പേരും കാൻസർ, വൃക്ക രോഗം പോലുള്ള ഗുരുതര രോഗം ഉള്ളവരാണ്. ആവശ്യമായ ജീവനക്കാരുടെ കുറവാണ് അധികൃതരെ വെട്ടിലാക്കുന്നത്. ജനറൽ വാർഡുകളിൽ രോഗികൾക്ക് ഒപ്പം കൂട്ടിരുപ്പുകാർ ആവാമെങ്കിലും കൊവിഡ് വാർഡുകളിൽ രോഗിക്ക് മാത്രമാണ് പ്രവേശനം.
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിച്ചതോടെ അവശനിലയിലുള്ള രോഗികൾ മാത്രമാണ് മെഡിക്കൽ കോളേജിലെത്തുന്നത്. ഇവർക്ക് വേണ്ട പരിചരണം, ഫയൽ വർക്കുകൾ, ബന്ധുക്കൾക്ക് കൃത്യമായ മറുപടി നൽകൽ എന്നിവയ്ക്കായി ഒരു വാർഡിൽ ആകെയുള്ളത് ഒരു ഷിഫ്റ്റിൽ ഡോക്ടറെ കൂടാതെ അഞ്ച് പേരാണ്. ഓരോ വാർഡിലും അറുപത്തഞ്ച് മുതൽ എഴുപത്തഞ്ച് വരെ രോഗികളാണുള്ളത്. ഇതിൽ ഗർഭിണികളും ഉൾപ്പെടും. കൂടാതെ തീവ്രപരിചരണ വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.
എഴുപത് രോഗികളെയും ഒരു ഷിഫ്റ്റിൽ നോക്കുന്നത് ഒരു പി.ജി ഡോക്ടറാണ്. രോഗികളുടെ എണ്ണം കൂടി വന്നതോടെ പലർക്കും കിടക്കകൾ കിട്ടാത്ത സ്ഥിതിയുമുണ്ട്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചവരെ മെഡിക്കൽ കോളേജിലേക്കാണ് കൊണ്ടുവരുന്നത്. ജില്ലയിൽ രോഗികളുടെ എണ്ണം ദിവസവും കൂടിവരുന്നതോടെ പ്രതിസന്ധി കൂടുതലാകുമെന്നാണ് വിലയിരുത്തൽ.
കൂട്ടിരിപ്പുകാരെ നിറുത്തണം
രോഗികളുടെ എണ്ണം കൂടി വരുന്നതോടെ കൊവിഡ് രോഗികൾക്ക് ഒപ്പം അവരുടെ സമ്മതപ്രകാരം കൂട്ടിരിപ്പുകാരെ പ്രവേശിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പലരും ഇതിന് തയ്യാറാണെങ്കിലും ഇതിന് അനുവാദം നൽകാൻ തയ്യാറായിട്ടില്ല. ഗർഭിണികളും പ്രായമേറിയ കൊവിഡ് രോഗികളുമാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഒന്ന് തിരിഞ്ഞ് കിടക്കണമെങ്കിൽ പരസഹായം ആവശ്യമായ നിരവധി രോഗികളാണ് നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.
ഹെൽപ്പ് ഡെസ്‌ക് ഇല്ല
ചികിത്സയിൽ കഴിയുന്ന രോഗികളുടെ സുഖവിവരം അറിയാൻ വിളിക്കുന്നവർക്ക് കൃത്യമായ സന്ദേശം നൽകണമെന്നാണ് നിർദ്ദേശം. എന്നാൽ പലപ്പോഴും ജീവനക്കാർക്ക് ഫോൺ എടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇതേറെ പ്രതിഷേധം ഉണ്ടാക്കുന്നുണ്ട്. ഹെൽപ്പ് ഡെസ്‌ക് സംവിധാനം ആരംഭിച്ചാൽ ഇതിന് ഒരു പരിധി വരെ സേവനം ലഭ്യമാക്കാനാകും.
കൊവിഡ് വാർഡിലെ രോഗികൾ
75
രോഗികളെ പരിചരിക്കുന്നവർ
പി.ജി ഡോക്ടർ 1
നഴ്‌സുമാർ 3
നഴ്‌സിംഗ് അസിസ്റ്റന്റ് 1
ക്ലീനീംഗ് സ്റ്റാഫ് 1
സ്റ്റാഫ് നഴ്‌സുമാരുടെ എണ്ണം 602
സ്ഥിരം ജീവനക്കാർ
ഗ്രേഡ് 2 സ്റ്റാഫ് നഴ്‌സ് 239
ഗ്രേഡ് 1 സ്റ്റാഫ് 96
താത്കാലിക സ്റ്റാഫ് നഴ്‌സുമാർ 267
വാർഡുകൾ
മെഡിക്കൽ കോളേജ് 9, 10, 11
നെഞ്ച് രോഗാശുപത്രി 3, 4, 9, 13
ഇ.എസ്.ഐ ആശുപത്രി 1 വാർഡ്