കാഞ്ഞാണി: നിരന്തരമായി ഹൈ ലെവൽ കനാൽ ബണ്ട് പൊട്ടിക്കുന്നതും പടവിലൂടെ വെള്ളം കടത്തിവിടുന്നതും മണലൂർ താഴം കോൾ പടവിൽ കൃഷി ഇറക്കുന്നതിന് കാലതാമസം നേരിടുന്നതായി പടവ് ഭാരവാഹികൾ. കനത്ത മഴയേ തുടർന്ന് ഹൈലവൽ കനാലിന്റെ ബണ്ട് ഒരു തവണ പൊളിച്ച് വെള്ളം ഒഴുക്കി കളഞ്ഞിരുന്നു. മഴ കുറഞ്ഞതിനെ തുടർന്ന് പൊളിച്ച ഭാഗത്ത് മണ്ണിട്ട് അടച്ചാണ്
സെപ്തംബർ 15 ഓടെ കൃഷി ഇറക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയത്. ഇതിനിടെ ശക്തമായ മഴ വീണ്ടും എത്തിയതും തെക്ക് ഭാഗത്തു നിന്നുള്ളവരുടെ സമ്മർദ്ധവും രണ്ടാം തവണയും
ബണ്ട് പൊട്ടിക്കാൻ നിർബന്ധിതമായി. ഇതോടെ കൃഷി ഇറക്കൽ വീണ്ടും നീളുകയായിരുന്നു.
രണ്ട് തവണയായി ബണ്ട് പൊട്ടിച്ചത് അടക്കാൻ മാത്രം മൂന്ന് ലക്ഷത്തിലധികം രൂപ ചെലവ് വന്നതായും ഇത് കർഷകരുടെ മേലിൽ കെട്ടിവെക്കാനാവില്ലെന്നും സർക്കാർ നൽകണമെന്നും പടവ് ഭാരവാഹികൾ പറഞ്ഞു. ബണ്ട് പൊട്ടിക്കുന്നതിനു പകരം സ്ലുയിസുകൾ നിർമ്മിക്കാൻ നടപടി വേണമെന്നും കർഷകർ ആവശ്യപ്പെട്ടു.
35 അടി നീളവും 15 അടി താഴ്ചയും മൂന്ന് മീറ്റർ വീതിയുമുള്ള ഈ കഴ മണൽചാക്ക് ഉപയോഗിച്ച് അടച്ച ശേഷം വെള്ളം വറ്റിക്കൽ തുടങ്ങി ഈ മാസം 15ന് ശേഷം കൃഷി ഇറക്കാനുള്ള ശ്രമത്തിലാണ്
- എം.ആർ. മോഹൻ ( പടവ് പ്രസിഡന്റ്, മണലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്)