പുതുക്കാട്: അറവുമാടിന്റെ മാംസാവശിഷ്ടങ്ങളും രക്തവും നടുറോഡിൽ ഉപേക്ഷിച്ച നിലയിൽ. റെയിൽവേ സ്റ്റേഷൻ റോഡിൽ താലൂക്ക് ആശുപത്രിക്ക് സമീപമാണ് നടുറോഡിൽ മാടിനെ കശാപ്പ്‌ ചെയ്തത്.

അറവ് മാലിന്യം ഭക്ഷിക്കാനെത്തിയ തെരുവുനായ്ക്കൾ മൂലം പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായിരുന്നു നാട്ടുകാർക്ക്. ആരോഗ്യ വകുപ്പിലും പൊലീസിലും വിവരം അറിയിച്ചെങ്കിലും അറവ് നടത്തിയവർ നേരം പുലരും മുമ്പേ റോഡ് കഴുകി വൃത്തിയാക്കി.

പുതുക്കാട് പൊതുമാർക്കറ്റിൽ പോലും അറവിന് അനുമതിയില്ല, ഇതേത്തുടർന്ന് വിൽപ്പന മാത്രം നടത്തുകയാണ് ചെയ്യുന്നത്. നിരോധനാജ്ഞയുടെ മറവിൽ നാട്ടുകാർ പുറത്തിറങ്ങാത്ത അവസരം മുതലെടുത്താണ് അനധികൃത കശാപ്പും മാംസ വിൽപ്പനയും നടന്നത്.

അനധികൃതമായി നടത്തുന്ന കശാപ്പിനും അലക്ഷ്യമായി മാലിന്യം തള്ളിയവർക്കുമെതിരെ പൊലീസിലും പഞ്ചായത്തിലും റിപ്പോർട്ട് നൽകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.