tsr

തൃശൂർ: കോർപറേഷനിൽ ഭീമൻ അജണ്ടയുമായി ഓൺലൈൻ കൗൺസിൽ യോഗം. കോടതിയെ സമീപിച്ച് കോൺഗ്രസ്, അജണ്ട കുറയ്ക്കണമെന്ന് ബി.ജെ.പി. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ നേരിട്ട് കൗൺസിൽ യോഗം ചേരാൻ സാധിക്കാതെ വന്നതോടെയാണ് ഓൺലൈനിൽ കൗൺസിൽ യോഗം ചേരുന്നത്. യോഗം കോൺഗ്രസ് ബഹിഷ്‌കരിച്ചു. 300 അജണ്ടകളാണ് ഇന്ന് പരിഗണിക്കുന്നത്. ടാഗോർ സെന്റിനറി ഹാൾ നിർമ്മാണമടക്കം കോടികളുടെ പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനാണ് കൗൺസിൽ യോഗം ചേരുന്നത്. ജില്ലയിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ ആണ് ഓൺലൈനിലൂടെ കൗൺസിൽ യോഗം ചേരാൻ തീരുമാനിച്ചത്.
അതേസമയം, 15 കൗൺസിലർമാർക്ക് നെറ്റ് സൗകര്യമില്ലാത്തവർ ആണെന്നും യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് കൗൺസിൽ ചേരുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ചട്ടവിരുദ്ധമായാണ് യോഗം ചേരുന്നതെന്നും ഇന്നത്തെ കൗൺസിൽ യോഗ തീരുമാനങ്ങൾ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷം അറിയിച്ചു. നിർണ്ണായകമായ പല തീരുമാനങ്ങളും എടുക്കേണ്ട സാഹചര്യം ഉള്ളതിനാലാണ് കൗൺസിൽ യോഗം ചേരുന്നതെന്നാണ് മേയറുടെ വിശദീകരണം.

ഓൺലൈൻ യോഗം കൂടി എന്നു വരുത്തി അജണ്ട എല്ലാം പാസായതായി പ്രഖ്യാപിച്ചു കള്ള മിനിറ്റ്‌സ് രേഖപ്പെടുത്തുന്ന പതിവ് തട്ടിപ്പ് പരിപാടി അനുവദിക്കാനാകില്ല. എല്ലാ കൗൺസിലർമാർക്കും വീട്ടിലിരുന്ന് യോഗത്തിൽ പങ്കെടുക്കാൻ സംവിധാനം ഉറപ്പാക്കണം. എല്ലാവർക്കും സ്മാർട്ട്‌ഫോണുകളും ഇന്റർനെറ്റ് സംവിധാനവും ഉണ്ടെന്ന് ഉറപ്പാക്കണം.

രാജൻ.ജെ.പല്ലൻ

പ്രതിപക്ഷനേതാവ്

കോൺഗ്രസ് കൗൺസിൽ നിരന്തരം ബഹിഷ്‌കരിച്ച് കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഇതിൽ പുതുമയില്ല.

അജിതാ ജയരാജൻ,

മേയർ

കൗൺസിൽ യോഗത്തിൽ ബി.ജെ.പി പങ്കെടുക്കുന്നുണ്ട്. ഗൗരവമേറിയ അജണ്ടകൾ പരിഗണിക്കുമ്പോൾ ഇരുപതോ, ഇരുപത്തഞ്ചോ ആക്കി പരിമിതപ്പെടുത്തണം.

എം.എസ്.സമ്പൂർണ്ണ,

ബി.ജെ.പി പാർലിമെന്ററി പാർട്ടി ലീഡർ