
തൃശൂർ: സി.പി.എം പുതുശേരി കോളനി ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്ന മുഖ്യപ്രതിയുൾപ്പെടെ നാലു പേരെ പൊലീസ് തിരിച്ചറിഞ്ഞു. പുതുശേരി പേരാലിൽ പരേതനായ ഉണ്ണിയുടെ മകൻ പി.യു. സനൂപ് (26) കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയായ ചിറ്റിലങ്ങാട് സ്വദേശി നന്ദൻ, ശ്രീരാഗ് തുടങ്ങിയവർക്കായുള്ള അന്വേഷണം ഉൗർജിതമാക്കി. ഇവരുൾപ്പെടെ എട്ടംഗ സംഘമാണ് ആക്രമിച്ചതെന്നാണ് നിഗമനം. മുൻവിരോധമല്ല കൊലപാതക കാരണമെന്നും പറയുന്നു.
ഞായറാഴ്ച രാത്രി പതിനൊന്നോടെ എയ്യാൽ ചിറ്റിലങ്ങാട്ടുണ്ടായ ആക്രമണത്തിൽ പുതുശേരി സ്വദേശി വിപിൻ, അഞ്ഞൂർ സ്വദേശി ജിത്തു, കിടങ്ങൂർ സ്വദേശി അഭിജിത്ത് എന്നിവർക്കും പരിക്കേറ്റു. ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ വിപിനെ ജൂബിലി മിഷൻ ആശുപത്രിയിലും ജിത്തുവിനെ കുന്നംകുളം റോയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈക്ക് തടഞ്ഞു നിറുത്തിയതുമായി ബന്ധപ്പെട്ട് ചിറ്റിലങ്ങാട് സ്വദേശി മിഥുനും പ്രതികളുമായി വാക്കേറ്റമുണ്ടായതായി പറയുന്നു. ഒരു മാസം മുമ്പാണ് പ്രതികളിലൊരാളായ നന്ദൻ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.
പ്രതികൾക്ക് ആർ.എസ്.എസ്, ബജ്റംഗദൾ ബന്ധമുണ്ടെന്ന് സി.പി.എം ആരോപിച്ചു. ലഹരി ഉപയോഗം ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സ്ഥലത്ത് തർക്കങ്ങളുണ്ടായിരുന്നെന്നും സൂചനയുണ്ട്. ഞായറാഴ്ച രാത്രി സുഹൃത്തിന്റെ ബൈക്കിൽ സ്ഥലത്തെത്തിയ സനൂപും സംഘവും പ്രതികളുമായി വാക്കുതർക്കത്തിലായി. ഇതിനിടയിലാണ് സനൂപിനുപുൾപ്പെടെ നാലുപേർക്ക് കുത്തേറ്റത്. നെഞ്ചിന് താഴെ കുത്തേറ്റ സനൂപ് തത്ക്ഷണം മരിച്ചു.
രക്ഷപ്പെട്ട പ്രതികൾ കാർ കുന്നംകുളത്ത് ഉപേക്ഷിച്ചു. വിജനമായ പ്രദേശമായതിനാൽ ഏറെ നേരം കഴിഞ്ഞാണ് സംഭവം പുറംലോകമറിഞ്ഞത്. വഴി നിറയെ രക്തം തളം കെട്ടിനിൽക്കുന്നുണ്ടായിരുന്നു. സനൂപിന്റെ മൃതദേഹം കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടം നടത്തി. ഇന്ന് സംസ്കരിക്കും. മേസൺ പണിക്കാരനായ സനൂപ് അവിവാഹിതനാണ്. സതിയാണ് അമ്മ. കുന്നംകുളം എ.സി.പി ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
'പി.യു. സനൂപിന്റേത് രാഷ്ട്രീയക്കൊലപാതകമാണ്. മറ്റു കാരണങ്ങളില്ല. സി.പി.എം സ്വാധീനം ഇല്ലാതാക്കാനാണ് അക്രമികളുടെ ശ്രമം. ആർ.എസ്.എസ്, ബജ്റംഗദൾ ബന്ധമുള്ളവരാണ് പ്രതികൾ".
- മന്ത്രി എ.സി. മൊയ്തീൻ
'ആർ.എസ്.എസ് - ബി.ജെ.പി കാപാലിക സംഘമാണ് കൊലപാതകത്തിന് പിന്നിൽ. ജനങ്ങൾ അംഗീകരിക്കുന്ന വ്യക്തിത്വമായിരുന്നു സനൂപിന്റേത്. നിർദ്ധന കുടുംബാംഗവും കൂലിപ്പണിക്കാരനുമായിരുന്നു".
- എം.എം, വർഗീസ്, സി.പി.എം ജില്ലാ സെക്രട്ടറി