
തൃശൂർ: സംഗീത നാടക അക്കാഡമിയിൽ ഓൺലൈൻ വഴി മോഹിനിയാട്ടം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിനാൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനെ അനുകൂലിച്ച് വലിയൊരു വിഭാഗം ഇടത് സാംസ്കാരിക പ്രവർത്തകർ രംഗത്തെത്തിയതോടെ സി.പി.എം. പ്രതിരോധത്തിലായി.
സംസ്ഥാന സർക്കാരിനെയും പട്ടികജാതി, സാംസ്കാരിക മന്ത്രി എ.കെ ബാലനെയും അക്കാഡമി ചെയർപേഴ്സൺ, സെക്രട്ടറി എന്നിവരേയും വിമർശിച്ച് ചേരമ സാംബവ ഡവലപ്പ്മെൻ്റ് സൊസൈറ്റി പത്രസമ്മേളനം നടത്തുകയും ചെയ്തതോടെ വിഷയം മറ്റ് സംഘടനകളും ഏറ്റെടുത്തു. ജില്ലയിലെ സി.പി.എം നേതൃത്വം വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. പുരോഗമനകലാ സാഹിത്യ സംഘവും സാഹിത്യ, സാംസ്കാരിക പ്രവർത്തകരും സാമൂഹ്യമാദ്ധ്യമങ്ങളിൽ ശക്തമായ പ്രതിഷേധമുയർത്തി. ഞായറാഴ്ച രാത്രി തന്നെ ആർ.എൽ.വി. രാമകൃഷ്ണൻ്റെ ഏതാനും ആഴ്ചകൾ മുൻപുളള നൃത്താവതരണത്തിൻ്റെ വീഡിയോ പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് പ്രതിഷേധത്തിൻ്റെ ഭാഗമായാണെന്നും വ്യാഖ്യാനമുയർന്നു. മണിക്കൂറുകൾക്കുളളിൽ 30,000 പേരാണ് ഈ വീഡിയോ കണ്ടത്. കലാമേഖലയിലുളളവർ ശക്തമായ പ്രതിഷേധം കമൻ്റായി രേഖപ്പെടുത്തി. സംവിധായകൻ വിനയൻ അടക്കമുള്ളവർ സിനിമാമേഖലയിൽ നിന്ന് രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തി. സംഗീതനാടക അക്കാഡമിയിൽ ഏകാധിപത്യഭരണമാണെന്നും വിമർശനമുയർന്നു.
സമരം ശക്തമാക്കാൻ സാംബവ ഡെവലപ്മെൻ്റ് സൊസൈറ്റി
അതേസമയം, രാമകൃഷ്ണന് നീതി കിട്ടുന്നത് വരെ സമരം നടത്താനാണ് ചേരമ സാംബവ ഡെവലപ്മെൻ്റ് സൊസൈറ്റിയുടെ തീരുമാനം. പട്ടികജാതി വിഭാഗത്തിൽപെട്ട ആളായതിനാലാണ് ജാതിപറയാതെ ആക്ഷേപം ഉയർത്തിയതെന്നാണ് ഇവരുടെ ആരോപണം. കലാഭവൻ മണിയുടേതും സഹോദരൻ രാമകൃഷ്ണൻ്റേതും കമ്മ്യൂണിസ്റ്റ് കുടുംബമാണെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ജാതിവിവേചനം പോലെ തന്നെയാണിതെന്നും അവർ ചൂണ്ടിക്കാട്ടി. അക്കാഡമിയുടെ അവഗണന ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമാണെന്നും , നവോത്ഥാനത്തിന്റെ യശസിന് മങ്ങലേൽപ്പിക്കുന്ന ഇത്തരം നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ ഇടപെട്ട് അക്കാഡമിയെ തിരുത്തണമെന്നും സി.പി.ഐ അനുകൂല സംഘടനയായ യുവകലാ സാഹിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എം സതീശനും ആവശ്യപ്പെട്ടിരുന്നു.
'' ഈ വിഷയത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ല. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ല.
എം.എം വർഗീസ്
സി.പി.എം, ജില്ലാ സെക്രട്ടറി