തൃശൂർ: അയ്യന്തോൾ പി.എച്ച്.സി എൻ.എച്ച്.എം അംഗീകാരത്തോടെ കുടുംബാരോഗ്യ കേന്ദ്രമാകുന്നു. നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആറിന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷയാകും. മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യാതിഥിയും ടി.എൻ. പ്രതാപൻ എം.പി വിശിഷ്ടാതിഥിയുമാകും.
അയ്യന്തോൾ, ഒളരി, അമ്പാടികുളം പരിസരത്ത് 2.50 കോടി രൂപ ചെലവിൽ പതിനായിരം ചതുരശ്ര അടിയിൽ ആധുനിക സംവിധാനങ്ങളോടെയാണ് പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. കാര്യാട്ടുകരയിലുള്ള 200 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിലാണ് പഴയ പി.എച്ച്.സി പ്രവർത്തിച്ചിരുന്നത്.
സി.എച്ച്.സി ആകുന്നതോടെ ഉച്ചവരെ ഉണ്ടായിരുന്ന ഓഫീസ് സൗകര്യം ഇനി മുതൽ രാവിലെ 8 മുതൽ വൈകിട്ട് 8 വരെ ലഭ്യമാകും. ഇതോടെ അയ്യന്തോൾ, ഒളരി, എൽത്തുരുത്ത്, അരണാട്ടുകര ഉൾപ്പെടെയുള്ള കോർപറേഷൻ പരിധിയിലെ ജനങ്ങൾക്ക് ചികിത്സാ സേവനങ്ങൾ ലഭ്യമാകും.