
തൃശൂർ: പറഞ്ഞുറപ്പിച്ച പൊതിച്ചോറുകൾ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിതരണം ചെയ്യുമ്പോൾ ജീവനറ്റ് മോർച്ചറിയിൽ കിടപ്പുണ്ടായിരുന്നു, സനൂപ്. ചൊവ്വന്നൂർ മേഖലാ ജോയിന്റ് സെക്രട്ടറിയായിരുന്ന പി.യു സനൂപിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച ആ പൊതിച്ചോറുകൾ, മുടങ്ങാതെ നിർദ്ധനർക്ക് കൈമാറാനായിരുന്നു ഡി.വൈ.എഫ്.ഐയുടെ തീരുമാനം.
പ്രിയപ്പെട്ട കൂട്ടുകാരനെക്കുറിച്ചുളള ഓർമ്മകൾ അലയടിക്കുമ്പോഴും മനസിലെ വേദന മറന്ന് ചൊവ്വന്നൂർ മേഖലാ കമ്മിറ്റി പ്രവർത്തകർ ആ ദൗത്യം നെഞ്ചേറ്റി. ഡി.വൈ.എഫ്.ഐ ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്ന ഭക്ഷണപ്പൊതികൾ മൂന്ന് വർഷമായി പ്രവർത്തകർ മെഡിക്കൽ കോളേജിൽ വിതരണം ചെയ്തു വരുന്നുണ്ട്. ഓരോ മേഖലാ കമ്മിറ്റികൾക്കാണ് ഓരോ ദിവസവും ഭക്ഷണം ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചുമതല. നാലായിരത്തോളം പൊതികൾ വിതരണം ചെയ്യാറുണ്ടെന്നും ഹർത്താൽ ദിനത്തിലും പ്രളയസമയങ്ങളിലും കൊവിഡ് കാലത്തും ഭക്ഷണവിതരണം മുടക്കിയിട്ടില്ലെന്നും സംസ്ഥാന വൈസ് പ്രസിഡൻ്റ് ഗ്രീഷ്മ അജയഘോഷ് പറഞ്ഞു.
ഞായറാഴ്ച രാത്രി കുത്തേറ്റ് മരിച്ച സനൂപ്, കഴിഞ്ഞ ദിവസങ്ങളിൽ വീടുകൾ കയറി പൊതിച്ചോറുകൾ ഉറപ്പിക്കുന്ന അവസാനവട്ട ശ്രമങ്ങളിലായിരുന്നുവെന്ന് പ്രവർത്തകർ പറഞ്ഞു. താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, ഏതൊക്കെയോ അപരിചിതരായ സഹോദരങ്ങളുടെ വിശപ്പ് മാറ്റാൻ, അവർക്ക് വേണ്ടി ഭക്ഷണം ശേഖരിക്കാൻ ഓടി നടക്കുകയായിരുന്നു സനൂപെന്ന് സംസ്ഥാന സെക്രട്ടറി എ.എ റഹീം സാമൂഹിക മാദ്ധ്യമങ്ങളിൽ കുറിച്ചിരുന്നു. '' ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം മുടങ്ങില്ലെന്നും നിശ്ചയിച്ചത് പോലെ തന്നെ നടക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു. സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകൾ, ജീവനോടെ ബാക്കിയുള്ളവർ ശേഖരിക്കും, വിശക്കുന്ന മനുഷ്യന് നൽകും. പതിവ് പോലെ തൃശൂർ മെഡിക്കൽ കോളേജിൽ ഹൃദയപൂർവ്വം കൗണ്ടർ സജീവമായിരിക്കും. ആരും വിശപ്പോടെ മടങ്ങില്ല. അതേ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം ടേബിളിലോ, മോർച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിലോ അപ്പോൾ സനൂപ് ഉണ്ടാകും. '' റഹീം പറഞ്ഞു.
സംഘപരിവാർ സമാധാനപൂർവമായ രാഷ്ട്രീയ
അന്തരീക്ഷം തകർക്കുന്നു : സി.പി.ഐ
തൃശൂർ: സമാധാനപൂർവമായ രാഷ്ട്രീയ അന്തരീക്ഷം ബി.ജെ.പി സംഘപരിവാർ ശക്തികൾ തകർക്കുകയാണെന്നും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും സി.പി.ഐ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ആർ.എസ്.എസ്, ബി.ജെ.പി ശക്തികളെ ഒറ്റപ്പെടുത്തണമെന്നും വർഗീയ ശക്തികളുടെ ആക്രമണങ്ങളെ ചെറുക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു. കെ.ജി ശിവാനന്ദൻ അദ്ധ്യക്ഷനായി. സി.എൻ ജയദേവൻ, കെ.പി രാജേന്ദ്രൻ, കെ. രാജൻ, കെ.കെ വത്സരാജ്, പി. ബാലചന്ദ്രൻ, ടി.ആർ രമേഷ്കുമാർ എന്നിവർ പങ്കെടുത്തു.