തൃശൂർ: 250 ഓളം അജണ്ടകളുമായി നടത്തിയ ഓൺലൈൻ കൗൺസിൽ യോഗം കോൺഗ്രസും ബി.ജെ.പിയും ബഹിഷ്‌കരിച്ചു. കൗൺസിൽ യോഗം ഓൺലൈനിൽ ആരംഭിച്ച് 20 മിനിറ്റ് കൊണ്ട് യോഗം അവസാനിച്ചു. മേയർ അജിത വിജയൻ അദ്ധ്യക്ഷയായി.
55 അംഗ കൗൺസിലിൽ 20 പേർ മാത്രമാണ് ഓൺലൈൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്തത്. പ്രധാന അജണ്ടകളെല്ലാം ഓൺലൈനായി ചേർന്ന കൗൺസിലിൽ പാസാക്കി. നേരത്തെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി അറിയിച്ചിരുന്നെങ്കിലും അവസാനം തീരുമാനം മാറ്റി യോഗത്തിൽ നിന്ന് വിട്ടു നിന്നു. കോൺഗ്രസ് നേരത്തെ ബഹിഷ്‌കരണം അറിയിച്ചിരുന്നു.
നിയമപരമല്ലാത്തതിനാലും, മുന്നൊരുക്കമില്ലാതെയും, കൗൺസിലർമാർക്ക് ഓൺലൈൻ മീറ്റിംഗിനും, വോട്ടിംഗിനും, ഓൺലൈനിൽ കൂടി നടത്താൻ പരിശീലനം നൽകാതെയും, ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോൺ പോലുമില്ലാത്ത നിരവധി കൗൺസിലർമാർ ഉണ്ടായിരിക്കെ ഓൺലൈൻ കൗൺസിൽ യോഗം കൂടിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
കൊവിഡ് മാനദണ്ഡം പാലിച്ച് കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധ സമരം നടത്തി. ഓൺലൈൻ കൗൺസിൽ യോഗം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരം പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ഉദ്ഘാടനം ചെയ്തു. മുൻ ഡെപ്യൂട്ടി മേയർ അഡ്വ. സുബി ബാബു അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ, എ. പ്രസാദ്, ഫ്രാൻസിസ് ചാലിശ്ശേരി എന്നിവർ സംസാരിച്ചു. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.