ചേലക്കര: നിയോജക മണ്ഡലത്തിലെ ചെറുതുരുത്തി കിള്ളിമംഗലം പി.ബ്ല്യു.ഡി റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്നതിന് 7.83 കോടി രൂപ അനുവദിച്ചതായി യു.ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു. നബാർഡ് ആർ.ഐ.ഡി.എഫ് - 25 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
പൈങ്കുളം സ്‌കൂൾ മുതൽ ഉദുവടി സെന്റർ ഭാഗം വരെയുള്ള 6.537 കിലോമീറ്റർ റോഡാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ വീതി കൂട്ടി പുനരുദ്ധാരണം ചെയ്യുന്നത്. പാലങ്ങളും കൾവെർട്ടുകളും പുതുക്കിപ്പണിയുമ്പോൾ ഡ്രെയിനേജ് നിർമ്മാണം എന്നിവ പ്രവൃത്തിയിൽ ഉണ്ടാകും. റോഡിന്റെ ചെറുതുരുത്തി മുതൽ പൈങ്കുളം സ്‌കൂൾ വരെയുള്ള ഭാഗം 2017ൽ ചിപ്പിംഗ് കാർപെറ്റ് ടാറിംഗ് പ്രവൃത്തി ചെയ്തിരുന്നു.
പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഭരണാനുമതി നൽകി ഉത്തരവായിട്ടുണ്ട്. സാങ്കേതിക അനുമതി ലഭ്യമാക്കി പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്‌സിക്യുട്ടിവ് എൻജിനിയർക്ക് എം.എൽ.എ നിർദ്ദേശം നൽകി.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുനരുദ്ധാരണം ചെയ്യുന്നതിന് ആവശ്യമായ തുക അനുവദിക്കണമെന്ന് കാണിച്ച് യു.ആർ. പ്രദീപ് എം.എൽ.എ, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു.