
തൃശൂർ: 425 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 285 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7,418 ആണ്. തൃശൂർ സ്വദേശികളായ 163 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 17,063 ആണ്.
9499 പേർ രോഗമുക്തരായി. സമ്പർക്കം വഴി 422 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6 കേസുകളുടെ ഉറവിടം അറിയില്ല.
144 പ്രകാരം കേസെടുക്കുന്നു
തൃശൂർ: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച 144 ആക്ട് പ്രകാരം ജില്ലയിൽ കേസെടുത്ത് തുടങ്ങി. ഒക്ടോബർ 3 മുതൽ കൂട്ടം കൂടി നിന്നതിനും കടകളിൽ അകലം പാലിക്കാത്തതിനുമാണ് കേസ്. തൃശൂർ സിറ്റി പരിധിയിലാണ് കേസുകൾ കൂടുതൽ. വടക്കാഞ്ചേരി, എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആദ്യ ദിവസം തന്നെ കൂട്ടം കൂടി നിന്നതിനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലവും, കടകളിൽ മാനദണ്ഡം പാലിക്കാത്തതിനും മെഡിക്കൽ കോളേജ്, പേരാമംഗലം, കുന്നംകുളം പൊലീസ് സ്റ്റേഷനുകളിലായി 5 കേസുകളെടുത്തു. എന്നാൽ റൂറൽ പരിധിയിൽ 144 പ്രകാരമുള്ള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സിറ്റി, റൂറൽ എന്നിവിടങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിക്കാതെയുള്ള നൂറിലേറെ കേസും ദിനം പ്രതിയുണ്ട്. ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ മന്ത്രി, കളക്ടർ എന്നിവരുടെ നേതൃത്വത്തിലും നിയോജക മണ്ഡല അടിസ്ഥാനത്തിൽ എം.എൽ.എമാരുടെ നേതൃത്വത്തിലും യോഗം ചേർന്നു. തുടർന്നാണ് നിയമ നടപടികളെടുക്കാൻ നിർദ്ദേശം നൽകിയത്.
കോട്ടപ്പുറം മാർക്കറ്റ് നാളെ തുറക്കും
തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി അടച്ചിട്ടിരുന്ന കോട്ടപ്പുറം മാർക്കറ്റ് ഒക്ടോബർ ഏഴിന് തുറക്കും. ചന്ത വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ അറിയിച്ചു. മാർക്കറ്റ് തുറക്കുന്നത് കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കണമെന്ന് വ്യാപാരി സംഘടനാ നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി. മാർക്കറ്റ് തുറക്കുന്നതിന് മുമ്പ് അണുനശീകരണം നടത്തുന്നതിന് ഫയർ ഫോഴ്സ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലാണ് ചന്തയിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ മാർക്കറ്റിൽ വന്ന നിരവധി ആളുകളുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് നഗരസഭ അധികൃതർ മാർക്കറ്റ് അടച്ചിടുകയായിരുന്നു.