
തൃശൂർ: കുന്നംകുളം ചിറ്റിലങ്ങാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ സി.പി.എമ്മിലെ വിഭാഗീയതയാണെന്നും കൊലപാതകത്തിൽ ബി.ജെ.പിക്കോ, സംഘപരിവാർ സംഘടനകൾക്കോ ബന്ധമില്ലെന്നും ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതി സ്ഥാനത്തുള്ളവരെന്ന് പൊലീസ് പറയുന്ന നന്ദനും കൂടെയുണ്ടായിരുന്ന ബന്ധുക്കളുമെല്ലാം സി.പി.എമ്മിന്റെ സജീവ പ്രവർത്തകരായിരുന്നു. കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറയുമ്പോൾ ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ മന്ത്രി എ.സി. മൊയ്തീൻ വ്യാജ പ്രചാരണം നടത്തുകയാണ്. ലൈഫ് ഫ്‌ളാറ്റ് അഴിമതി കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മന്ത്രിയുടെ ശ്രമം. മൊയ്തീനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതായി അനീഷ് കുമാർ അറിയിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വിനോദ് പൊള്ളഞ്ചേരി, തൃശൂർ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.