പുതുക്കാട്: മാതൃക കർഷകനായ മനോജിന്റെ മരണത്തിന് ഉത്തരവാദികളായ കെ.എസ്.ഇ.ബി ജീവനക്കാരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത്. കോൺഗ്രസും ബി.ജെ.പിയും കെ.എസ്.ഇ.ബി ഓഫീസിനു മന്നിൽ സമരം നടത്തി.

കുടുംബത്തിന് ധനസഹായവും ഭാര്യക്ക് ജോലിയും നൽകണം: എസ്.എൻ.ഡി.പി യോഗം

പുതുക്കാട്: മനോജിന്റെ കുടുംബത്തിന് ധനസഹായവും ഭാര്യക്ക് ജോലിയും നൽകണമെന്ന് എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ കൗൺസിൽ. പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ അദ്ധ്യക്ഷനായി. കുറ്റക്കാരായ ഉദ്യാഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുടുംബത്തിന് ധനസഹായത്തിനു പുറമെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവർക്ക് നിവേദനം നൽകി.


കോൺഗ്രസ് പ്രതിഷേധ സമരം നടത്തി.

പുതുക്കാട്: കെ.എസ്.ഇ.ബിയുടെ അനാസ്ഥ മൂലം കണ്ണമ്പത്തൂരിലെ യുവകർഷകൻ മാട്ടിൽ മനോജ് ഷോക്കേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആമ്പല്ലൂർ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജു കാളിയേങ്കര അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി സെബി കൊടിയൻ, പഞ്ചായത്ത് അംഗങ്ങളായ നിഹ ജയൻ, രാജു തളിയപറമ്പിൽ എന്നിവർ പ്രസംഗിച്ചു. മനോജിന്റെ ആശ്രിതർക്ക് നഷ്ടപരിഹാരവും, സർക്കാർ ജോലിയും നൽകണമെന്ന് ആവശ്വപ്പെട്ടു.

കെ.എസ്.ഇ.ബി ഓഫീസ് ബിജെപി ഉപരോധിച്ചു

പുതുക്കാട്: ഉഴിഞ്ഞാൽ പാടത്തെ യുവകർഷകൻ മാട്ടിൽ മനോജ് ഷോക്കേറ്റു മരിക്കാൻ ഇടയായതിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബിയുടെ പുതുക്കാട് സെക്‌ഷനിലെ ജീവനക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പുതുക്കാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു. ബി.ജെ.പി പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറൽ സെക്രട്ടറി ബിനോജ് പെഴേരി, സെക്രട്ടറി ജിബിൻ, എസ്.സി മോർച്ച ജനറൽ സെക്രട്ടറി രതീഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.


ശക്തമായ നടപടി എടുക്കണമെന്ന് കർഷക മോർച്ച

പുതുക്കാട്: യുവകർഷകൻ മാട്ടിൽ മനോജ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി പുതുക്കാട് സെക്‌ഷനിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്. രണ്ടു ദിവസം മുൻപ് മനോജ് തന്നെ കെ.എസ്.ഇ.ബിയിൽ താൻ കൃഷി ചെയ്യുന്ന പാടത്ത് കമ്പി താഴ്ന്നു കിടക്കുകയാണെന്ന് പരാതിപ്പെട്ടിട്ട് പോലും കെ.എസ്.ഇ.ബി അധികൃതർ അക്കാര്യം മുഖവിലയ്‌ക്കെടുത്തില്ല. പഞ്ചായത്തിലെ മാതൃകാ കർഷകനായ മനോജിന്റെ ഭാര്യക്ക് സർക്കാർ ജോലി കൊടുക്കണമെന്നും വി.വി. രാജേഷ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.