sanup

തൃശൂർ: സി.പി.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ (28) കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. ചിറ്റിലങ്ങാട് സ്വദേശികളായ തറയിൽ വീട്ടിൽ നന്ദനൻ (48), കരിമ്പനക്കൽ സജീഷ് (35), അരണംകോട്ട് വീട്ടിൽ അഭയ്ജിത്ത് (19) എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് ചിലർക്കെതിരെയുമാണ് എരുമപ്പെട്ടി പൊലീസ് കേസെടുത്തത്.

ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. അമിതവേഗത്തിൽ ബൈക്ക് ഓടിച്ചതിന് ചിറ്റിലങ്ങാട് സ്വദേശിയായ മിഥുനും പ്രദേശവാസികളായ ചിലരുമായി തർക്കമുണ്ടായിരുന്നു.

തർക്കം പരിഹരിക്കാനാണ് സനൂപും സുഹൃത്തുക്കളായ പുതുശ്ശേരി കോളനിയിലെ പനക്കൽ വിബിൻ (വിബിക്കുട്ടൻ 28), അഞ്ഞൂർപാലം മുക്കിൽ വീട്ടിൽ ജിതിൻ (ജിത്തു 25), മരത്തംകോട് കിടങ്ങൂർ കരുമത്തിൽ അഭിജിത്ത് (28) എന്നിവരുമെത്തിയത്.

റോഡിൽ നിന്ന് സംസാരിക്കുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി. ഇതിനിടെയാണ് സനൂപിന് വയറിൽ രണ്ട് തവണ കുത്തേറ്റത്. പുറത്തും ആഴത്തിലുള്ള മുറിവുണ്ട്. വിബിക്കുട്ടനും സാരമായി പരിക്കേറ്റു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സനൂപ് വഴിയരുകിൽ കുഴഞ്ഞുവീണു. നാട്ടുകാരും പുതുശ്ശേരിയിൽ നിന്നെത്തിയ സുഹൃത്തുക്കളുമാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. ബഹളത്തിനിടെ സനൂപ് രക്ഷപ്പെട്ടിരിക്കാമെന്നാണ് സുഹൃത്തുക്കൾ കരുതിയിരുന്നത്.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം തിങ്കളാഴ്ച വൈകിട്ട് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആഴത്തിൽ പരിക്കേറ്റ് രക്തം വാർന്നതാണ് മരണകാരണം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുള്ള വിബിന് ശസ്ത്രക്രിയ നടത്തിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. മന്ത്രി എ.സി. മൊയ്തീൻ, ഡി.ഐ.ജി എസ്. സുരേന്ദ്രൻ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, എ.സി.പി ടി.എസ്. സിനോജ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.