
പുതുക്കാട് : മണ്ണിനെയും പ്രകൃതിയെയും നെഞ്ചോട് ചേർത്ത് കാർഷിക വൃത്തി ഉപജീവനമാക്കിയ യുവകർഷകനാണ് മട്ടിൽ കണ്ണൻ എന്ന മനോജ്. സ്വർണ്ണപണിയും പാരമ്പര്യമായി ലഭിച്ച കൃഷിയിടത്തിലെ നെൽക്കൃഷിയുമായി കഴിഞ്ഞിരുന്ന മനോജ് സ്വർണ്ണാഭരണ നിർമ്മാണമേഖലയിലെ മാന്ദ്യത്തെ തുടർന്ന് മുഴുവൻ സമയ കർഷകനാകുകയായിരുന്നു.
വീട്ടുപറമ്പിനോട് ചേർന്നുള്ള സ്വന്തം കൃഷിയിടത്തിൽ മാത്രമായിരുന്നില്ല മനോജിന്റെ നെൽക്കൃഷി. ഉഴിഞ്ഞാൽ പാടത്ത് പല കാരണങ്ങളാലും തരിശിടുന്ന കർഷകരുടെ ഭൂമി പാട്ടത്തിനെടുത്ത് എതാനും യുവാക്കളെ ചേർത്ത് കർഷക കൂട്ടായ്മ രൂപീകരിച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷി ഇറക്കുകയും ചെയ്താണ് മനോജ് ശ്രദ്ധേയനായത്.
കർഷകക്കൂട്ടായ്മയെ കൂടാതെ സ്വന്തമായി ഭൂമി പാട്ടത്തിനെടുത്തും കൃഷി നടത്തുന്നുണ്ട് മനോജ്. നല്ലൊരു സമ്മിശ്ര കർഷകനായ മനോജിന് നാടൻ പശുക്കളുടെ ഫാം. കോഴി, താറാവ് ഫാം എന്നിവയും ഉണ്ട്. ജൈവവളം മാത്രം ഉപയോഗിച്ചുള്ള മനോജിന്റെ നെൽക്കൃഷിയും പ്രസിദ്ധമായിരുന്നു. കാർഷികവൃത്തിയിൽ ഒട്ടേറെ നാട്ടുകാർക്ക് ജോലി നൽകാനുമായി മനോജിന്. ജൈവ രീതിയിലാണ് കൃഷി എങ്കിലും യന്ത്രസഹായത്തോടെയാണ് കൃഷി ഇറക്കലും വിളവെടുപ്പും.
താഴ്ന്ന് കിടക്കുന്ന വൈദ്യുതിക്കമ്പി ഉയർത്തിക്കെട്ടാനായി അദാലത്തിലും പരാതി നൽകി. കഴിഞ്ഞ ഫെബ്രുവരിയിൽ തൃശൂർ ടൗൺ ഹാളിൽ നടത്തിയ അദാലത്തിൽ പരാതിക്കാരായ മനോജിനെയും സുഹൃത്തായ ജയനെയും വിളിച്ചിരുന്നു. പാടത്ത് കൂടിയുള്ള വൈദ്യുതി ലെയിൻ തന്നെ മാറ്റാമെന്ന് അദാലത്തിൽ ഉറപ്പു നൽകിയെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ല. മുണ്ടകൻ കൃഷിക്ക് നിലം ഒരുക്കൽ ആരംഭിച്ച കഴിഞ്ഞ മാസവും ഒടുവിൽ കഴിഞ്ഞ 30 നും വൈദ്യുതി ബോർഡിന്റെ പുതുക്കാട് സെക്‌ഷൻ ഓഫീസിൽ രേഖാമൂലം ഉഴിഞ്ഞാൽ പാടം കർഷക സമിതി പരാതി നൽകിയിരുന്നു.
വളഞ്ഞൂപ്പാടം ട്രാൻഫോർമറിൽ നിന്നും കർഷക സമിതിയുടെ മോട്ടോർ ഷെഡിലേക്കാണ് 35 വർഷം മുമ്പ് വൈദ്യുതി ലെയിൻ വലിക്കുന്നത്. അക്കാലത്ത് കണ്ണമ്പത്തൂർ മേഖലയിൽ റോഡിലൂടെ വൈദ്യുതി എത്താതിരുന്നതിനാൽ പാടത്ത് കൂടി തന്നെ പല വീടുകളിലേക്കും ലെയിൻ വലിച്ച് കണക്ഷൻ നൽകി. പിന്നീട് റോഡിലൂടെ വൈദ്യുതി ലെയിൻ സ്ഥാപിച്ചെങ്കിലും കണക്‌ഷൻ മാറ്റി നൽകാൻ അധികൃതർ തയ്യാറായില്ല. അനാവശ്യമായി 35 ഓളം വൈദ്യുതി കാലുകളാണ് പാടശേഖരത്തുള്ളത്.
കർഷക വിരുദ്ധ നിലപാട്
കെ.എസ്.ഇ.ബിയുടെ പുതുക്കാട് സെക്‌ഷനിൽ ഏറെക്കാലമായി കർഷകരോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്‌ഷന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്ന കാര്യത്തിൽ കർഷകരെ ബുദ്ധിമുട്ടിച്ചിരുന്ന നടപടി എറെ വിവാദമുണ്ടാക്കിയിരുന്നു. തുടർന്ന് കേരളകൗമുദിയുടെ ഇടപെടലിനെ തുടർന്ന് വൈദ്യുതി ബോർഡ് അംഗം തന്നെ ഇടപെട്ടാണ് പ്രശ്‌ന പരിഹാരം കണ്ടെത്തിയത്. ഇക്കാര്യത്തിൽ വകുപ്പ് തല നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥർ തന്നെയാണ് ഇപ്പോഴും.