ചേർപ്പ്: ഗ്രാമദേവനെ ഉണർത്താൻ പെരുവനം ക്ഷേത്രത്തിൽ നാദോപാസന തീർക്കുന്ന തകിൽ, നാദസ്വരം, കിടിപ്പിടി, താളം എന്നീ പക്കമേളങ്ങളിൽ ശ്രുതി കുഴൽമീട്ടി പെരുവനത്തപ്പന് നാദാർച്ചന പകരുകയാണ് പെരുവനം പൂക്കാട്ടിൽ ജയൻ. 33 വർഷക്കാലമായി പെരുവനം ക്ഷേത്ര പ്രതിഷ്ഠയായ ഇരട്ടയപ്പന് മുന്നിൽ രാവിലെ നടക്കുന്ന ക്ഷേത്ര പൂജകൾ, ദീപാരാധന സമയങ്ങളിൽ ശ്രുതി കുഴൽ വിളി ഒരു ഉപാസനയായി കണ്ട് ജയനുണ്ട്.
നിത്യവും രാവിലെയും വൈകീട്ടും ക്ഷേത്രത്തിൽ ശ്രുതി കുഴൽ വിളി മണിക്കൂറുകളോളം നീളുമെന്നതാണ് മറ്റൊരു പ്രത്യേകത. കാലാനുസൃതമായി പല ക്ഷേത്രങ്ങളിലും ഇലക്ട്രിക് ഉപകരണങ്ങളോടെയാണ് ശ്രുതി കുഴൽവാദനം പൂജാ സമയങ്ങളിൽ നടത്തിവരുന്നത്. എന്നാൽ പെരുവനം ക്ഷേത്രത്തിൽ ഇപ്പോഴും കുഴൽവാദനത്തിന് മാറ്റമില്ല. കൊച്ചിൻ ദേവസ്വം ബോർഡിൽ നിന്ന് നിശ്ചിത പ്രതിഫലം കുഴൽവാദനത്തിന് ലഭിക്കുന്നതാണ് ജയന്റെ ജീവിത ഉപാധി.
പണ്ട് കാലത്ത് പപ്പ തണ്ട് ഉപയോഗിച്ചാണ് ശ്രുതി കുഴൽവാദനം പരിശീലിച്ചതെന്ന് ജയൻ പറയുന്നു. അന്തരിച്ച കുറുംകുഴൽ കലാകാരൻ കൊമ്പത്ത് കുട്ടൻ പണിക്കരുടെ ശിഷ്യണത്തിലൂടെയാണ് ഇവ അഭ്യസിച്ചതെന്ന് ജയൻ പറഞ്ഞു. ആകാശവാണി റേഡിയോയിലും ശ്രുതി കുഴൽവാദനം നടത്തി ശ്രദ്ധേയനായിട്ടുണ്ട്.