
ചാലക്കുടി: സംഗീത നാടക അക്കാഡമി വിഷയവുമായി ബന്ധപ്പെട്ട് ആത്മഹത്യാ ശ്രമം നടത്തിയ ആർ.എൽ.വി രാമകൃഷ്ണൻ ആശുപത്രിയിൽ നിന്നും തിരിച്ചെത്തി. കറുകുറ്റി അപ്പോളോ ആശുപത്രിയിൽ കഴിഞ്ഞിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രിയാണ് ചേനത്തുനാട്ടിലെ വീട്ടിലെത്തിയത്. ആശുപത്രിയിൽ വച്ച് പൊലീസ് എടുത്ത മൊഴിയിൽ പക്ഷെ, ആരെയും കുറ്റപ്പെടുത്തിയിരുന്നില്ല. ഓൺ ലൈനിൽ മോഹിനിയാട്ട മത്സരത്തിൽ നിന്നും ഒഴിവാക്കപ്പെട്ട മനോവിഷമമാണ് ഉറക്ക ഗുളിക കഴിക്കാൻ പ്രേരിപ്പിച്ചതെന്നായിരുന്നു മൊഴി. ഇതിനിടെ ദളിത് സംഘടനകൾ അക്കാഡമിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പ്രതിഷേധ സത്യഗ്രഹം
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ ഭയക്കുന്നത് രാജ്യത്ത് ദളിതനും, കർഷകനും ദുർബലർക്കുമായി ഉയരുന്ന രാഹുൽ ഗാന്ധിയുടെ ശബ്ദത്തെയാണെന്ന് ടി. എൻ പ്രതാപൻ എം.പി പറഞ്ഞു. അതുകൊണ്ടാണ് ഹത്രാസിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ദളിത് പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യോഗി ആദിത്യനാഥിന്റെ പൊലീസ് തടയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. എ.ഐ.സി.സി ആഹ്വാന പ്രകാരം കോർപറേഷന് മുമ്പിൽ നടത്തിയ ജില്ലാതല കോൺഗ്രസ് ജനപ്രതിനിധികളുടെ
പ്രതിഷേധ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതാപൻ.
ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എം.പി, അനിൽ അക്കര എം.എൽ.എ, പി.എ മാധവൻ, ടി.വി ചന്ദ്രമോഹൻ, ഐ.പി പോൾ, അഡ്വ. ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ് ശ്രീനിവാസ്, ജോൺ ഡാനിയേൽ, സി.സി ശ്രീകുമാർ, എ. പ്രസാദ്, എം.എസ് അനിൽ കുമാർ, രാജൻ പല്ലൻ, സി.ഐ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു.