sanoop

തൃശൂർ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തിൽ വിറങ്ങലിച്ച് നാട്. രാഷ്ട്രീയ - സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു കൊല്ലപ്പെട്ട സനൂപ്. ഡി.വൈ.എഫ്.ഐ ചൊവ്വന്നൂർ മേഖല ഭാരവാഹി കൂടിയാണ്. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ജനം ആശങ്കയിൽ നിൽക്കുന്നതിനിടയിലാണ് കൊലപാതക വിവരം നാട് അറിയുന്നത്. അത്രയേറെ രാഷ്ട്രീയ സംഘട്ടനങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെടാത്ത സ്ഥലത്ത് നടന്ന കൊലപാതകത്തിൽ നിന്ന് മോചിതരായിട്ടില്ല ഇതുവരെയും നാട്ടുകാർ. മറ്റ് കേസുകളിൽ ഒന്നും ഉൾപ്പെടാത്ത യുവാവാണ് സനൂപ്.

വിജനമായ പ്രദേശമായതിനാൽ ഏറെ നേരം കഴിഞ്ഞാണ് സംഭവം പുറംലോകം അറിഞ്ഞത്. വഴി നിറയെ രക്തം തളം കെട്ടിനിൽക്കുന്നുണ്ടായിരുന്നു. സനൂപിന്റെ മൃതദേഹം കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടം നടത്തി ഇന്നലെ വൈകിട്ട് ബന്ധുക്കൾക്ക് വിട്ടു നൽകി. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സനൂപിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും പ്രമുഖ നേതാക്കളെത്തിയിരുന്നു. മേസൺ പണിക്കാരനായ സനൂപ് അവിവാഹിതനാണ്. കുന്നംകുളം എ.സി.പി ടി.എസ് സിനോജിന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി, കുന്നംകുളം, വടക്കെക്കാട് സ്റ്റേഷനുകളിൽ നിന്ന് നൂറിലേറെ പൊലീസുകാരെ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.