karshakan

കാഞ്ഞാണി: കരഭൂമിയിൽ നെൽകൃഷിയിറക്കിയ വടക്കേ കാരമുക്ക് കർഷകകൂട്ടായ്മയുടെ കരനെൽകൃഷിക്ക് നൂറ്‌മേനിയുടെ തിളക്കം. സുഭിക്ഷകേരളം പദ്ധതി പ്രകാരം കാരമുക്ക് വടക്ക് സി.പി.ഐ ബ്രാഞ്ച് കർഷകകൂട്ടായ്മയാണ് കരഭൂമിയിൽ നെൽകൃഷി പരീക്ഷിച്ച് നൂറ്‌മേനിയുടെ തിളക്കത്തിൽ കൊയ്ത്തുത്സവത്തിനൊരുങ്ങുന്നത്. മണലൂർ പഞ്ചായത്ത് കാരമുക്ക് 18-ാം വാർഡിൽ2.65ഏക്കർ തരിശുഭൂമിയിൽ ക്യഷിചെയ്ത് നൂറ്‌മേനി വിളയിച്ച് കൊയ്‌തെടുക്കുവാൻ ഒരുങ്ങുന്നത്. സഹോദരങ്ങളായ പണ്ടാരൻ സുജിത്ത്, സുധീർ, ബാബു എന്നിവർ സൗജന്യമായി നൽകിയ കരഭൂമിയിൽ ധർമ്മൻ പറത്താട്ടിൽ, ഗിരീഷ് കാരമുക്ക് നേതൃത്വത്തിലുള്ള കർഷകകൂട്ടായ്മയാണ് കൃഷിയിറക്കിയത്. ഇതിൽ 2.35ഏക്കറിൽ നെല്ലും ശേഷിക്കുന്ന സ്ഥലത്ത് പച്ചക്കറി ഉൾപ്പെടെയുള്ള മറ്റു വിളകളുമാണ് കൃഷി ചെയ്തത്. 120 ദിവസം പ്രായമുള്ള ഉമ, ജ്യോതി വിത്തുകളാണ് പരീക്ഷിച്ചത്. കഴിഞ്ഞ ജൂലായിലാണ് കൃഷി തുടങ്ങിയത്. നെല്ല് കൂടാതെ വഴുതന, വെണ്ട, കൊത്തമര, ബജിമുളക്, ജെണ്ട്മല്ലിപൂവ് എന്നിവ കൃഷിയിലുണ്ട്. കാരമുക്ക് സഹകരണബാങ്കാണ് 2600ഓളം പച്ചക്കറി തൈകളും ജൈവവളങ്ങളും നൽകിയത്.
മഴയെയും ജൈവവളത്തെയും മാത്രം ആശ്രയിച്ചാണ് കൃഷിയിറക്കിയത്. പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ് തുടങ്ങിയെങ്കിലും നാട്ടുകാരുടെയും പാർട്ടി പ്രവർത്തകരുടെയും സാന്നിധ്യത്തിൽ അടുത്ത ദിവസം തന്നെ കൊയ്ത്തുത്സവം നടത്താനുള്ള ഒരുക്കത്തിലാണ് കർഷകകൂട്ടായ്മ ഭാരവാഹികൾ. കൂട്ടായ്മ ഭാരവാഹികൾക്കൊപ്പം സമീപവാസികളായ ഷാജു ചുള്ളിയിൽ, ജോമി കുരുതുകുളങ്ങര, വിജയൻ വെളേക്കത്ത്, സ്റ്റല്ലാ സ്റ്റീഫൻ, ജെസി വിൻസെന്റ്, സുന്ദരൻ തണ്ടാംപറമ്പിൽ തുടങ്ങി നിരവധി അംഗങ്ങളുടെ പ്രയത്‌നമാണ് കൊയ്ത്തുത്സവം.