
തൃശൂർ: കുട്ടനെല്ലൂരിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിലായി. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ജോസിന്റെ മകൾ ഡോ.സോനയെ കുത്തിക്കൊന്ന കേസിൽ സുഹൃത്ത് കൂടിയായ പാവറട്ടി സ്വദേശി മഹേഷ് (40) ആണ് കസ്റ്റഡിയാലായത്. ഇയാളെ ഒല്ലൂർ സി.ഐ.ബെന്നി ജേക്കബ്ബിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് രാവിലെ തൃശൂർ പൂങ്കുന്നത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ കീഴടങ്ങാനായി വരുന്നതിനിടെയായിരുന്നു ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തും. കൃത്യം നടത്തിയ ശേഷം കാറിൽ രക്ഷപ്പെട്ട മഹേഷ് ഒരാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് പിടിയിലാകുന്നത്.
കഴിഞ്ഞ ചൊവാഴ്ച്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയിൽവെച്ച് സോനയ്ക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടർ രണ്ട് ദിവസം മുമ്പാണ് മരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി സോന കുട്ടനെല്ലൂരിൽ ദന്താശുപത്രി നടത്തിവരികയാണ്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സോനയും ബന്ധുക്കളും നേരത്തെ പാവറട്ടി സ്വദേശിയായ മഹേഷിനെതിരേ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്.