
തൃശൂർ: പുതുശേരി കോളനി സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ചിറ്റിലങ്ങാട് തറയിൽ വീട്ടിൽ നന്ദനൻ (48) അറസ്റ്റിലായി. മറ്റു പ്രതികളായ ചിറ്റിലങ്ങാട് കരിമ്പനയ്ക്കൽ സജീഷ് (35), അരണംകോട്ട് വീട്ടിൽ അഭയ്ജിത്ത് (19), ശ്രീരാഗ് എന്നിവർക്കായുളള അന്വേഷണം പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഒളിസങ്കേതം പൊലീസ് വളഞ്ഞത് അറിഞ്ഞ് ബസിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഉച്ചയോടെ തൃശൂരിൽ നിന്ന് നന്ദനനെ കസ്റ്റഡിയിലെടുത്തത്. ഒരുമാസം മുമ്പാണ് ഗൾഫിൽ നിന്നെത്തിയത്. ബന്ധുക്കളെ ചോദ്യംചെയ്തപ്പോഴാണ് ഒളിസങ്കേതത്തെ കുറിച്ച് സൂചന ലഭിച്ചത്. കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിവിരോധത്താലുള്ള സംഘർഷമാണ് കാരണമെന്നും പൊലീസ് സൂചിപ്പിച്ചു. കൊലപാതകത്തിന് പിന്നിൽ സംഘപരിവാറാണെന്ന് മന്ത്രി എ.സി. മൊയ്തീൻ ആരോപിച്ചിരുന്നു. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ചിറ്റിലങ്ങാട് സ്വദേശിയായ സി.പി.എം പ്രവർത്തകൻ മിഥുനുമായി ചില യുവാക്കൾക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. വേഗത്തിൽ ബൈക്ക് ഓടിച്ചതിനെ ചൊല്ലിയായിരുന്നു തർക്കം ഉടലെടുത്തത്. ഇതു പരിഹരിക്കാൻ സനൂപിന്റെ നേതൃത്വത്തിലെത്തിയ സംഘവുമായി നന്ദനനും സുഹൃത്തുക്കളും സംഘർഷത്തിലാകുകയായിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് ഞായറാഴ്ച രാത്രി 11ന് ചിറ്റിലങ്ങാട് വച്ച് പേരാലിൽ പരേതനായ ഉണ്ണിയുടെ മകൻ സനൂപിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റ സി.പി.എം പ്രവർത്തകരായ പുതുശ്ശേരി പനയ്ക്കൽ വീട്ടിൽ വിപിൻ (28), ആനായ്ക്കൽ മുട്ടിൽ വീട്ടിൽ ജിതിൻ (25), കിടങ്ങൂർ കരിമത്തിൽ അഭിജിത്ത് (22) എന്നിവർ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. വിപിന്റെ നില അൽപ്പം ഗുരുതരമാണ്. സനൂപിന്റെ മൃതദേഹം പൊതുദർശനത്തിന് ശേഷം ചെറുതുരുത്തിയിൽ സംസ്‌കരിച്ചു.