coir

തൃശൂർ: പരമ്പരാഗത കയർ വ്യവസായത്തെ അടിമുടി ആധുനികവത്കരിക്കാനുളള തയ്യാറെടുപ്പിൻ്റെ ഭാഗമായി ജില്ലാ കയർ വ്യവസായ വകുപ്പിൻ്റെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കായി നാലു കോടി രൂപ ധനസഹായം. ജില്ലയിലെ 13 കയർ സഹകരണ സംഘങ്ങളിൽ ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.

എട്ട് കയർ സംഘങ്ങളിൽ 90 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ സ്ഥാപിച്ചു. ഇവിടങ്ങളിൽ ഫാക്ടറി മോഡൽ ഉത്പാദനം ആരംഭിക്കുന്നതിന് തുടക്കമിട്ടു. ഒക്ടോബർ 20 വരെ വിവിധ ദിവസങ്ങളിൽ ധനമന്ത്രി ഡോ. തോമസ് ഐസക് ഇവയുടെ ഉദ്ഘാടനം നിർവ്വഹിക്കും. കരൂപ്പടന്ന-വള്ളിവട്ടം സി.വി.സി.എസ് ഒക്ടോബർ ആറ് മുതൽ പ്രവർത്തനം ആരംഭിച്ചു.

വെളുത്തകടവ് സി.വി.സി.എസ്- ഏഴ്, പുത്തൻചിറ സി.വി.സി.എസ് - എട്ട്, കടലായി കാരുമാത്ര സി.വി.സി.എസ് - 9, ചാപ്പാറ സി.വി.സി.എസ് -10, കരിക്കൊടി സി.വി.സി.എസ് - 12, അഴീക്കോട് സി.വി.സി.എസ് - 13, എൽത്തുരുത്ത് സി.വി.സി.എസ് - 14, മാള ഡി.എഫ്.ഐ.സി.എസ് -15 ദിവസങ്ങളിലായി ഉദ്‌ഘാടനം ചെയ്യും.

ഈ സാമ്പത്തികവർഷം തന്നെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ മറ്റു സംഘങ്ങൾ കൂടി ഫാക്ടറി മോഡൽ ഉത്പാദനത്തിന് മാറ്റാൻ വേണ്ട നടപടികളും പുരോഗമിക്കുകയാണ്.

ഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

അനുവദിച്ച തുക:

കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ ഏഴ് സംഘങ്ങൾക്ക് വിവിധ ഉപകരണങ്ങൾ വാങ്ങുവാൻ- 581.35 ലക്ഷം രൂപ.

കയ്പമംഗലം മണ്ഡലത്തിലെ മൂന്ന് സംഘങ്ങൾക്ക് -246.438 ലക്ഷം രൂപ.

നാട്ടിക മണ്ഡലത്തിലെ രണ്ട് സംഘങ്ങൾക്ക്- 129 ലക്ഷം രൂപ.

മണലൂർ മണ്ഡലത്തിലെ നാലു സംഘങ്ങൾക്ക് -44.5 ലക്ഷം രൂപ.

ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

തുടക്കം മൂന്ന് വർഷം മുൻപ്

2017ലെ 'കയർ കേരള'യ്ക്ക് ശേഷം 2017 ഡിസംബർ പത്തിന് ജില്ലയിൽ ആദ്യത്തെ ചകിരി മിൽ ചാപ്പാറ കയർ സംഘത്തിൽ സ്ഥാപിച്ചാണ് ആധുനിക കയർ വ്യവസായത്തിന് ജില്ലയിൽ തുടക്കം കുറിക്കുന്നത്. തുടർന്ന് 2018-19 കാലയളവിൽ തൃശൂർ കയർ പ്രോജക്ട് പരിധിയിലുള്ള ഒമ്പത് കയറുപിരി സംഘങ്ങളിൽ ചകിരി മില്ലുകൾ സ്ഥാപിച്ച് ആവശ്യമായ ചകിരിനാരിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ആദ്യ നടപടി സ്വീകരിച്ചു. തുടർന്ന് ഘട്ടംഘട്ടമായി ഓരോ സംഘത്തിനും മെച്ചപ്പെട്ട ഉത്പാദനം കൈവരിക്കുന്നതിന് ആവശ്യമായ വില്ലോവിംഗ് മെഷീൻ, ബെയിലിംഗ് പ്രസ്സ്, വെയിംഗ് ബാലൻസ്, ഇലക്ട്രോണിക് റാട്ട്, ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീൻ മുതലായ ആധുനിക മെഷിനറികളും വിതരണം ചെയ്തു.

ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

'' 2018-19 സാമ്പത്തിക വർഷത്തിൽ സ്വകാര്യ മേഖലയിൽ മൂന്നും കുടുംബശ്രീ മുഖേന രണ്ടും ചകിരി മില്ലുകൾ സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കാൻ സാധിച്ചു. 2020ൽ പൂട്ടിക്കിടന്ന മാള ഡി.എഫ് നവീകരിച്ച് പ്രവർത്തനമാരംഭിച്ചു. ഇങ്ങനെ മൊത്തത്തിൽ പ്രവർത്തനം വിപുലീകരിക്കാൻ സാധിച്ചു''

-ജില്ലാ കയർ പ്രോജക്ട് ഓഫീസർ