rlv
ആർ.എൽ.വി രാമകൃഷ്ണൻ

തൃശൂർ: സംഗീത നാടക അക്കാഡമിയിൽ ഓൺലൈൻ വഴി മോഹിനിയാട്ടം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിനാൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനെ അനുകൂലിച്ചും അക്കാഡമി ഭരണനേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയും കൂടുതൽ സംഘടനകൾ രംഗത്തെത്തി.

സംഗീത നാടക അക്കാഡമിയുടെ മുൻപിൽ ചെയർപേഴ്സൺ കെ.പി.എ.സി ലളിതയുടെ കോലം ജില്ലാ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി കത്തിച്ചു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ജെലിൻ ജോൺ അദ്ധ്യക്ഷനായി. ജാതി വെറിയൻമാരുടെ കൂത്തരങ്ങായി മാറിയ സംഗീത നാടക അക്കാഡമി പിരിച്ചു വിടണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി. പ്രമോദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുനോജ് തമ്പി, ലിൻസെൻ തിരൂർ, നിയോജക മണ്ഡലം പ്രസിഡന്റ്‌ ജിജോമോൻ ജോസഫ്, മുബാറക് മണലൂർ, കെ.എസ്.യു ജില്ലാ സെക്രട്ടറിമാരായ വി.എസ്. ഡേവിഡ്, ഗോകുൽ ഗുരുവായൂർ, എബിമോൻ തോമസ്, കിസാഫ് കരിക്കാട് എന്നിവർ നേതൃത്വം നൽകി.

സംഗീത നാടക അക്കാഡമിയിൽ നിലനിൽക്കുന്ന ജാതി വിവേചനത്തിന്റെ ഏറ്റവും നല്ല തെളിവാണ് രാമകൃഷ്ണന്റെ ആത്മഹത്യാശ്രമമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി പി. സുധാകരൻ അഭിപ്രായപ്പെട്ടു. അറിയപ്പെടുന്ന കലാകാരനായ, മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് എടുത്ത രാമകൃഷ്ണന് ഓൺലൈൻ വഴി പോലും നൃത്താവതരണത്തിന് അവസരം നിക്ഷേധിച്ചത് കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. രാമകൃഷ്ണന്റെ ആത്മഹത്യാശ്രമത്തിന് കാരണമായവർക്ക് നേരെ പട്ടിക ജാതി പീഡന നിയമം അനുസരിച്ചു കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബാലൻ പണിക്കശ്ശേരി അദ്ധ്യക്ഷനായി.