kudumbasree

തൃശൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അണുവിമുക്തമാക്കല്‍ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ് കുടുംബശ്രീ പ്രവർത്തകർ. രോഗം പകരാതെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണ് അണുവിമുക്തമാക്കല്‍ പ്രക്രിയ. ഇതിനായി ജില്ലാ കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിലുള്ള ഡിസ് ഇൻഫെക്‌ഷൻ ടീമാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ഹരിത കർമ്മ സേന അംഗങ്ങളെയും യുവതീ യുവാക്കളെയും ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് രൂപീകരണം. ആറ് പേർ അടങ്ങുന്നതാണ് ഓരോ ടീമും. സർക്കാർ അംഗീകരിച്ച സ്ക്വയർ ഫീറ്റ് അടിസ്ഥാനത്തിലുള്ള നിരക്ക് അനുസരിച്ചായിരിക്കും യൂണിറ്റിനുള്ള തുക.

ആദ്യഘട്ടത്തിൽ ഇരിങ്ങാലക്കുട, ചൊവ്വന്നൂർ, മണലൂർ, പുത്തൂർ, സി.ഡി.എസ് യൂണിറ്റുകളിലെ ഡിസ്ഇൻഫെക്‌ഷൻ ടീമാണ് അണുവിമുക്തമാക്കൽ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ജില്ലാ ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ടീം അംഗങ്ങൾക്ക് പരിശീലനം നൽകിയത്.

കൊവിഡ് പോസിറ്റീവായ വ്യക്തികളുടെ വീടുകളും വാഹനങ്ങളും ഓഫീസുകളും തുടങ്ങി ജില്ലയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ, സ്ഥാപനങ്ങൾ, വാഹനങ്ങൾ, എന്നിവ വരെ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഡിസ്ഇൻഫെക്‌ഷൻ ടീം അണുവിമുക്തമാക്കും. പി.പി.ഇ കിറ്റ്, ഫോഗിംഗ് മെഷീൻ, അണുനശീകരണ ഉപകരങ്ങൾ എന്നിവ വാങ്ങുന്നതിനായി ജില്ലാ കുടുംബശ്രീ സി.ഡി.എസ് ഗ്രൂപ്പുകൾക്ക് വായ്പ സഹായം നൽകിയിട്ടുണ്ട്. ഫോൺ - മണലൂർ: 8848763442, ചൊവ്വന്നൂർ: 8304937608.