 
തൃപ്രയാർ: നാട്ടിക പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ ഓൺ ലൈൻ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ് സുനിൽ കുമാർ, എ.സി മൊയ്തീൻ, ടി. എൻ പ്രതാപൻ എന്നിവർ മുഖ്യാതിഥികളായി.
പ്രാദേശിക ചടങ്ങിൽ ഗീതാ ഗോപി എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. എ ഷൗക്കത്തലി, മെഡിക്കൽ ഓഫീസർ ഡോ. രാഗി, പഞ്ചായത്തംഗങ്ങളായ ഇന്ദിര ജനാർദ്ദനൻ, ബിന്ദു പ്രദീപ്, കെ.വി സുകുമാരൻ, പി.എം സിദ്ദിഖ്, വി.ആർ പ്രഭ, സജിനി ഉണ്ണിയാരംപുരയ്ക്കൽ, വി.എം സതീശൻ, ടി.സി ഉണ്ണിക്കൃഷ്ണൻ, എൻ. കെ ഉദയകുമാർ, പ്രവിത അനൂപ്, ലളിത മോഹൻദാസ് എന്നിവർ പങ്കെടുത്തു. കുടുംബാരോഗ്യ കേന്ദ്രമായി ഉയരുന്നതോടെ ദിവസേന രാവിലെ 9 മണി മുതൽ വൈകീട്ട് ആറ് വരെ ഡോക്ടറുടെ സേവനം, എല്ലാ രോഗികൾക്കും ജീവിത ശൈലി രോഗങ്ങളുടെ സ്‌ക്രീനിംഗ്, ലബോറട്ടറി, ഫാർമസി, ശ്വാസകോശ രോഗങ്ങൾക്കുള്ള ശ്വാസ് ക്ലിനിക്ക്, മാനസികാരോഗ്യ ക്ലിനിക്ക് (ആശ്വാസ് ), ഗർഭിണികൾക്കുള്ള പ്രത്യേക ക്ലിനിക്ക് തുടങ്ങിയവ ലഭ്യമാകും. ആരോഗ്യകേന്ദ്രത്തിൽ ഒരു കോടിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് ഭരണാനുമതി ലഭിച്ചതായും നാട്ടിക പഞ്ചായത്തിലെ ആശാപ്രവർത്തകരും പാലിയേറ്റീവ് നഴ്‌സും ചേർന്ന് ഒ.പി വെയ്റ്റിംഗ് ഏരിയ സീലിംഗ് ചെയ്യാൻ തീരുമാനിച്ചതായും ഗീതാഗോപി എം.എൽ.എ അറിയിച്ചു.