തൃശൂർ: ഒളരി മാർക്കറ്റിന്റെ രണ്ടാം നില ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്നതിന് കോർപറേഷൻ ഓൺലൈനായി നടത്തിയ കൗൺസിൽ യോഗം തീരുമാനിച്ചു. 4000 ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർമ്മാണം നടത്തുക. വലിപ്പമേറിയ ഒരു ഹാൾ, കുടുംബശ്രീ ഹോട്ടൽ, കെ.എസ്.ഇ.ബി ഓഫീസ് എന്നിവ ഈ നിലയിൽ പ്രവർത്തിക്കും. ഒരു കോടി രൂപ ചെലവഴിച്ച് ബേസ്‌മെന്റ്, ഒന്നാം നില നിർമ്മാണങ്ങൾ പൂർത്തീകരിച്ചു.

പെരിങ്ങാവ് ഡിവിഷനിലെ കണ്ണപ്പൻ ചാൽ കെട്ടി സംരക്ഷിക്കുന്നതിനും മുണ്ടുപാലം മുതൽ ശക്തൻ വരെയുള്ള ഫാ. വടക്കൻ റോഡ്, പട്ടാളം റോഡ് മുതൽ കണ്ണംകുളങ്ങര റോഡ് വരെ, ഇക്കണ്ടവാര്യർ റോഡ്, ജൂബിലി ജംഗ്ഷൻ, ശക്തൻ ജംഗ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി വരെ തുടങ്ങിയ പ്രധാന റോഡുകൾ ബി.എം.ബി.സി ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. പൂങ്കുന്നം ഡിവിഷനിലെ ഉദയ നഗറിൽ 11ാം സ്ട്രീറ്റ് ഉയർത്തി ടാറിംഗ് നടത്തുന്നതിനും ഉദയനഗറിലെ തന്നെ 1 മുതൽ 7 വരെയുള്ള സ്ട്രീറ്റുകളിലെ റോഡുകൾ ഉൾപ്പെടെ കോർപറേഷൻ പരിധിയിലെ വിവിധ ഡിവിഷനുകളിലെ റോഡുകൾ റീടാറിംഗ് ചെയ്യുന്നതിനും കോർപറേഷൻ പരിധിയിലെ വിവിധ ഡിവിഷനുകളിലുള്ള ബൈലൈനുകൾ റീസ്റ്റോറിംഗ് നടത്തുന്നതിനും യോഗം അനുമതി നൽകി. വടക്കേ ബസ് സ്റ്റാൻഡിന്റെ പിൻവശത്തുള്ള കാന കവർ സ്ലാബ് ഇടുന്നത് ഉൾപ്പെടെ കോർപറേഷൻ പരിധിയിലെ വിവിധ ഡിവിഷനുകളിലെ കാനകൾ പുനർനിർമ്മിക്കും. കോവിലകത്തുംപാടത്തെ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിനായി കുഴിച്ചെടുത്ത മണ്ണ് നിർമ്മാണപ്രവൃത്തിക്ക് ആവശ്യമില്ലാത്തതിനാൽ ലേലം ചെയ്യും.

മാലിന്യസംസ്‌കരണത്തിനായി കോവിലകത്തുംപാടത്ത് നിർമ്മാണം പൂർത്തീകരിച്ച ഒ.ഡബ്ല്യൂ.സി പ്ലാന്റിൽ മെഷീൻ, റാക്ക്, ക്രേറ്റ്, കൺവെയർ എന്നിവ സ്ഥാപിക്കും. കോർപറേഷന്റെ വിവിധ ജംഗ്ഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൺട്രോൾ റൂം, പാട്ടുരായ്ക്കൽ ഡിവിഷനിലെ വസന്ത് നഗറിൽ മിനി പാർക്ക് നിർമ്മിക്കുന്നതിനും പറവട്ടാനി ഡിവിഷനിലെ എം.സി.എഫ്. കം സ്റ്റോറിൽ ഇ.പി.എസ്. റീസൈക്ലിംഗ് മെഷീൻ, ഷ്രെഡ്ഡിംഗ് മെഷീൻ, ബെയ്‌ലിംഗ് മെഷീൻ എന്നിവയും സ്ഥാപിക്കും.

മുഖ്യമന്ത്രിയുടെ തദ്ദേശ പുനരുദ്ധാരണ പദ്ധതി ഫണ്ട് ഉപയോഗിച്ച് എൽത്തുരുത്ത് ഡിവിഷനിൽ അമ്പാടിക്കുളം റോഡ് ഉയർത്തി ടാറിംഗ് ചെയ്യുന്നതിനും കാനാട്ടുകര ഡിവിഷനിലെ തൃക്കുമാരംകുടം റോഡിലെ ടാറിംഗ്, റീ ടാറിംഗ്, ക്രോസ് ഡ്രെയിൻ, കോൺക്രീറ്റ് എന്നിവ ചെയ്യുന്നതിനും വടൂക്കര ഡിവിഷനിലെ ശ്മശാനം റോഡ് റീ ടാറിംഗ് ചെയ്യുന്നതിനും തീരുമാനമായി. നടത്തറ ഡിവിഷനിൽ പകൽ വീട് നിർമ്മിക്കുന്നതിന് ഉൾപ്പെടെയുള്ള 242 അജണ്ടകളിൽ 241 അജണ്ടകളും ചർച്ചകൾക്കുശേഷം പാസ്സായതായി മേയർ അജിത ജയരാജൻ അറിയിച്ചു.