cpm
കോർപറേഷൻ മുൻ പ്രതിപക്ഷനേതാവും കോൺഗ്രസ് മുൻ കൗൺസിലറുമായ എം.കെ. മുകുന്ദൻ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.കെ. ഷാജൻ, ജില്ലാ കമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തി എന്നിവർക്കൊപ്പം തൃശൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ.

തൃശൂർ: നേതാക്കളുടെ നടപടികളിൽ പ്രതിഷേധിച്ച്, 36 വർഷത്തോളം പ്രവർത്തിച്ച കോൺഗ്രസ് വിട്ട് താൻ സി.പി.എമ്മിൽ ചേർന്നതായി തൃശൂർ കോർപറേഷൻ മുൻ പ്രതിപക്ഷനേതാവ് അഡ്വ. എം.കെ. മുകുന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു. നാല് തവണ കോർപറേഷൻ കൗൺസിലറായിരുന്ന തനിക്കെതിരെ ടി.എൻ. പ്രതാപൻ എം.പിയും കെ.പി.സി.സി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാലും ചേർന്ന് നടത്തിയ പ്രവർത്തനങ്ങളാണ് കോൺഗ്രസ് വിടാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

ഇരുവരും ചേർന്ന് കൗൺസിലർമാരെ ഭീഷണിപ്പെടുത്തി ഒപ്പിടുവിക്കുകയും തന്നെ സ്ഥാനത്തുനിന്നും നീക്കുകയും ചെയ്തു. ഹൈമാസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ അഴിമതിക്ക് എതിരെ നിന്നതും മുൻമേയർമാരുടെ അഴിമതിയും സ്വജനപക്ഷപാതവും ചോദ്യം ചെയ്തതുമാണ് തന്നോടുള്ള എതിർപ്പിൻ്റെ കാരണം. പൈതൃക നഗരസങ്കൽപ്പത്തെ എതിർത്ത് സമരം ചെയ്തതും അനാവശ്യമായി കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ചോദ്യം ചെയ്തതും വിദ്വേഷത്തിനിടയാക്കി.

മതേതര ജനാധിപത്യ പാർട്ടി എന്ന നിലയിലാണ് കോൺഗ്രസിനെ മനസ്സിലാക്കിയതും പ്രവർത്തിച്ചുപോന്നതും. 2015ൽ കോൺഗ്രസിന് 21 സീറ്റിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. എൽ.ഡി.എഫിന് 25 സീറ്റിലും ജയിക്കാൻ കഴിഞ്ഞു. ബി.ജെ.പി.ക്ക് 6 സീറ്റ് ലഭിച്ചു. 3 സീറ്റ് പൂർണ്ണമായും സ്വതന്ത്രരാണ് ജയിച്ചത്. ബി.ജെ.പി ജയിച്ച 6 സീറ്റും നേരത്തെ കോൺഗ്രസ് ജയിച്ചിരുന്നതാണ്. കോൺഗ്രസിലെ ചിലരുടെ താൽപ്പര്യം മൂലമാണ് ബി.ജെ.പി ഈ സീറ്റുകളിൽ ജയിച്ചത് എന്നത് എല്ലാവർക്കും അറിയാം.

ക്രിയാത്മക പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസ് പ്രവർത്തിക്കുന്നതിന് പകരം മേയർ മോഹം പൂവണിയുന്നതിനായി ബി.ജെ.പിയുമായി ചേർന്ന് ഭരണം കൈക്കലാക്കുന്നതിനുള്ള ഇടപെടലുകളാണ് ചിലർ നടത്തിയത്. ഈ നീക്കത്തിന് പ്രതിപക്ഷ നേതാവ് എന്ന നിലയിലും വ്യക്തിപരമായും തടസ്സം നിന്നിരുന്നു. ഇത് കോൺഗ്രസ് പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുന്ന നടപടിയാണ് എന്നാണ് താനും കോൺഗ്രസിൽ വിശ്വസിക്കുന്നവരും വിശ്വസിക്കുന്നത്. എങ്ങനെയെങ്കിലും മേയർ ആവുക എന്ന നിലപാട് ചിലർ ഇപ്പോഴും തുടരുകയാണെന്നും മുകുന്ദൻ കുറ്റപ്പെടുത്തി.