
തൃശൂർ: മൂവാറ്റുപുഴ വലിയകുളങ്ങര വീട്ടിൽ ജോസിന്റെ മകൾ ഡോ. സോനയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കോടതിയിൽ കീഴടങ്ങാൻ വരുന്നതിനിടെ അറസ്റ്റിലായി. സോനയ്ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് പാവറട്ടി മനപ്പടി വെളത്തേടത്തു വീട്ടിൽ മഹേഷ് (39) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ തൃശൂർ പൂങ്കുന്നത്ത് നിന്നാണ് പിടികൂടിയത്. കൃത്യം നടത്തിയ ശേഷം കാറിൽ രക്ഷപ്പെടുകയായിരുന്നു മഹേഷ്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെ ഇയാൾ സഹോദരങ്ങളെയും അഭിഭാഷകനെയും ബന്ധപ്പെട്ടിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് മഹേഷ് വലയിലായത്.
കഴിഞ്ഞ രണ്ടു വർഷമായി സോന കുട്ടനെല്ലൂരിൽ ദന്താശുപത്രി നടത്തിവരികയാണ്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സോനയും ബന്ധുക്കളും മഹേഷിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്.
ദന്തഡോക്ടറായ സോന കോളേജ് പഠനകാലത്താണ് പാവറട്ടി സ്വദേശിയായ മഹേഷിനെ പരിചയപ്പെടുന്നത്. കുട്ടനെല്ലൂരിൽ ക്ലിനിക്ക് ആരംഭിച്ചപ്പോൾ സ്ഥാപനത്തിലെ ഇന്റീരിയർ ഡിസൈനിംഗ് ജോലികൾ മഹേഷിനെ ഏൽപ്പിച്ചു. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന സോന കുരിയച്ചിറയിലെ ഫ്ളാറ്റിൽ മഹേഷിനൊപ്പം താമസിച്ചുവരികയായിരുന്നു. സോനയിൽ നിന്ന് മഹേഷ് പലതവണയായി ലക്ഷങ്ങൾ കൈക്കലാക്കിയിരുന്നത്രെ. തുടക്കത്തിൽ ഇന്റീരിയർ ഡിസൈനിംഗ് ജോലികളുടെ ചെലവെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്, പിന്നീട് ഭീഷണിയായി.
ക്ലിനിക്കിലെ വരുമാനം മുഴുവൻ മഹേഷ് സ്വന്തമാക്കുകയും ക്ലിനിക്കിന്റെ നടത്തിപ്പിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ സോന തന്റെ വീട്ടിൽ അറിയിച്ചിരുന്നില്ല. പ്രശ്നങ്ങൾ രൂക്ഷമായതോടെയാണ് സോന പൊലീസിൽ പരാതി നൽകിയത്. തൃശൂർ എ.സി.പി വി.കെ. രാജു, ഒല്ലൂർ സി.ഐ ബെന്നി ജേക്കബ്ബ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.