കാഞ്ഞാണി : നിശ്ചയിച്ച തുകയിൽ ടെൻഡറെടുക്കാൻ ആളില്ലാത്തതിനാൽ കാഞ്ഞാണി പെരുമ്പുഴ വലിയപാലം ബലപ്പെടുത്തൽ വീണ്ടും പ്രതിസന്ധിയിലേക്ക്. മണലൂർ അരിമ്പൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാഞ്ഞാണി പെരുമ്പുഴ വലിയപാലം ഒരു ഭാഗം ചരിഞ്ഞ് അപകടാവസ്ഥയിലായതിനെ തുടർന്ന് ബലപ്പെടുത്തുന്നതിന് 60.6 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് 29ന് ഇ ടെൻഡർ വിളിച്ചെങ്കിലും ടെൻഡറിൽ ആരും പങ്കെടുത്തിരുന്നില്ല. തുടർന്ന് ഈ മാസം 5ന് റീ ടെൻഡർ വിളിച്ചിരുന്നു.
റീ ടെൻഡറിൽ രണ്ട് പേരാണ് പങ്കെടുത്തത്. എന്നാൽ നിലവിലുള്ള എസ്റ്റിമേറ്റ് സംഖ്യയേക്കാൾ കൂടുതലായിരുന്നു ക്വാട്ട് ചെയ്തത്. അതിൽ നിന്ന് 15 ശതമാനം കൂടുതലായി ടെൻഡർ വെച്ചത് തൃശൂരിലെ കമ്പനിയാണെങ്കിലും ടെൻഡർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ല. എസ്റ്റിമേറ്റിൽ നിന്ന് പത്ത് ശതമാനം കൂടുതലായാൽ എറണാകുളം ഡിവിഷൻ ഓഫീസിൽ നിന്ന് തീരുമാനം എടുക്കാമെന്നിരിക്കെ 15 ശതമാനം ആയതിനാൽ പൊതുമരാമത്ത് വകുപ്പാണ് തീരുമാനമെടുക്കേണ്ടത്.
തൃശുരിലെ കമ്പനിക്കാരുമായി ചർച്ച നടത്തി പത്തുശതമാനം വർദ്ധനവ് നൽകി ടെൻഡർ നടപടിക്രമം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ബ്രിഡ്ജ് അധികൃതർ. ബലക്ഷയം സംഭവിച്ചിട്ടുള്ള ഗാർഡുകൾക്കിടയിൽ സ്റ്റീൽ ഗാർഡുകൾ സ്ഥാപിച്ച് പാലം ബലപ്പെടുത്തുക എന്നത് ഏറെ ദുഷ്‌കരമാണെന്നതും ഇപ്പോഴത്തെ സാഹചര്യത്തിൽ വരുന്ന ചെലവും നിർമ്മാണം പൂർത്തീകരിച്ചതിന് ശേഷം പണം കിട്ടുവാനുള്ള കാലതാമസവും കണക്കിലെടുത്താണ് കൂടുതൽ സംഖ്യയ്ക്ക് ടെൻഡർ വെച്ചതെന്നാണ് പറയപ്പെടുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ വൈകിയാൽ ഇതിനിടയിൽ തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നാൽ പാലം ബലപ്പെടുത്തൽ അനന്തമായി നീളും.
" കഴിഞ്ഞ ദിവസം അഞ്ചിന് റീ ടെൻഡർ വെച്ചിരുന്നു. രണ്ട് പേർ പങ്കെടുക്കുകയും ചെയ്തു. നിലവിലുള്ള എസ്റ്റിമേറ്റിൽ നിന്ന് 15 ശതമാനം മുകളിലുള്ള തുകയ്ക്കാണ് ക്വാട്ട് ചെയ്തിരുന്നത്. അതിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്.
ഷിജി കരുണാകരൻ
എക്‌സിക്യൂട്ടിവ് എൻജിനിയർ
എറണാകുളം ഡിവിഷൻ