bookdisinfacter

സഹൃദയയിൽ നിർമിച്ച ബുക്ക് ഡിസ് ഇൻഫെക്ടർ

കൊടകര: കടലാസിലും പുസ്തകങ്ങളിലും നാല് മണിക്കൂർ മുതൽ അഞ്ച് ദിവസം വരെ കൊവിഡ് 19 വൈറസിന്റെ സാന്നിദ്ധ്യം നിലനിൽക്കാമെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. പുസ്തകങ്ങൾ സാനിറ്റൈസറുകളൊ രാസ ലായനികളൊ മറ്റ് രീതികളൊ ഉപയോഗിച്ച് അണു നശീകരണം നടത്താനാകാത്തത് ലൈബ്രറികൾക്ക് വലിയ വെല്ലുവിളിയാണ്. എന്നാൽ പുസ്തകങ്ങൾ അണു നശീകരണം നടത്താനുള്ള പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് കൊടകര സഹൃദയ എൻജിനിയറിംഗ് കോളേജ്. ബുക്ക് ഡിസ് ഇൻഫെക്ടർ എന്ന ഉപകരണമാണ് ഇത് സാധ്യമാക്കുന്നത്. യു.വി.സി സാങ്കേതിക വിദ്യ ഉപയോഗിച്ച് വളരെ കുറഞ്ഞ സമയം കൊണ്ട് പുസ്തകങ്ങൾ പൂർണമായും അണുവിമുക്തമാക്കാനാകും. പൂർണമായും പരിസ്ഥിതി സൗഹൃദമായ ഈ ഉപകരണം പ്രവർത്തിക്കുമ്പോൾ യാതൊരുവിധ മാലിന്യങ്ങളൊ വിഷാംശങ്ങളൊ പുറപ്പെടുവിക്കുന്നില്ല. സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ ഉപകരണം രൂപകല്പന ചെയ്തിരിക്കുന്നത്.

കൊവിഡ് വ്യാപനം കൂടി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അഞ്ച് മിനിറ്റിനുള്ളിൽ 50ഓളം പുസ്തകങ്ങൾ അണുവിമുക്തമാക്കാം. രാസ വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ പുസ്തകങ്ങൾക്ക് യാതൊരു കേടുപാടുകളും പറ്റാതെയാണ് അണുനശീകരണം നടത്തുന്നത്. ഈ സംവിധാനം ഉപയോഗിച്ച് കൊവിഡ് 19, സാർസ്, മെർസ്, എച്ച് 1 എൻ 1, ഇൻഫ്‌ളൂവെൻസ തുടങ്ങിയ എല്ലാത്തരം വൈറസുകളും ബാക്ടീരിയ ഫംഗസ് തുടങ്ങിയ സൂക്ഷമ ജീവികളേയും നശിപ്പിക്കാനാകും. സഹൃദയ ടെക്‌നോളജി ബിസിനസ് ഇൻകുബേറ്ററിന്റെ നേതൃത്വത്തിലാണ് ബുക്ക് ഡിസ്ഇൻഫെക്ടർ വികസിപ്പിച്ചത്.

..............................

ഗുണങ്ങളും പ്രത്യേകതയും

പൂർണമായും പരിസ്ഥിതി സൗഹൃദമാണ് ഉപകരണം

യാതൊരുവിധ മാലിന്യങ്ങളൊ വിഷാംശങ്ങളൊ പുറപ്പെടുവിക്കില്ല

സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാം

അഞ്ച് മിനിറ്റിനുള്ളിൽ 50ഓളം പുസ്തകങ്ങൾ അണുവിമുക്തമാക്കാം

പുസ്തകങ്ങൾക്ക് യാതൊരു കേടുപാടുകളും പറ്റാതെയാണ് അണുനശീകരണം