golaka
തങ്കഗോളക

തൃശൂർ: പാറമേക്കാവ് ഭഗവതിക്കുള്ള തങ്കം പൊതിഞ്ഞ ഗോളകയുടെ സമർപ്പണം ഇന്ന് നടക്കും. ഭഗവതിയുടെ പിറന്നാൾ ദിനമായ ഇന്ന് രാവിലെ 9.30ന് തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരി സമർപ്പണം നടത്തും. നിലവിലുള്ള സ്വർണ വിഗ്രഹത്തിലാണ് രണ്ട് കിലോ തങ്കം ഉപയോഗിച്ച് മോടി പിടിപ്പിച്ചിരിക്കുന്നത്.

ശബരിമല ക്ഷേത്രത്തിലെ സ്വർണ കൊടിമരം ഉൾപ്പെടെ സ്വർണം പൊതിഞ്ഞ ശിൽപിയായ അനന്തൻ ആചാരിയുടെയും മകൻ അനുവിന്റെയും നേതൃത്വത്തിൽ മധുരയിൽ നിന്നുള്ള അഞ്ച് പേരാണ് ഗോളകയുടെ നിർമ്മാണം പൂർത്തീകരിച്ചത്. നിലവിലെ ഗോളകയിലെ സ്വർണവും ക്ഷേത്രത്തിൽ ലഭിച്ച വഴിപാടുകളിൽ നിന്നുള്ള സ്വർണവും ചേർത്താണ് തങ്കമാക്കിയത്.

നേരത്തെ പഞ്ചലോഹ വിഗ്രഹമായിരുന്നത് 1997ൽ മൈസൂർ കൊട്ടാരത്തിലെ അവസാനത്തെ രാജശിൽപിയായിരുന്ന തങ്കവേലുവിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഗോളകയാണ് കാലപഴക്കം മൂലം നിറം മങ്ങിയതോടെ തങ്കം പൊതിയാൻ ഭരണസമിതി തീരുമാനിച്ചത്. ഭരണ സമിതി പ്രസിഡന്റ് സതീഷ് മേനോൻ, സെക്രട്ടറി രാജേഷ് പൊതുവാൾ ക്ഷേത്രം സൂപ്രണ്ട് ശ്രീനിവാസൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ഗോളക നിർമ്മാണം നടന്നത്.