
മാള: അന്നമനടയിൽ സ്‌കൂട്ടറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. എടയാറ്റൂർ കണ്ണൻ വേലിത്തറ വേലായുധൻ (50) ആണ് മരിച്ചത്. വർക്ക് ഷോപ്പിൽ ജോലിക്കാരനായ വേലായുധൻ വൈകീട്ട് എടയാറ്റൂരിലെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു സ്‌കൂട്ടർ ഇടിച്ചത്.
അന്നമനട ക്രിസ്തുരാജ പള്ളിക്ക് സമീപത്ത് വച്ച് ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. വേലായുധനെ അതുവഴി വന്ന കാർ യാത്രക്കാരൻ മാള ഗുരുധർമ്മം മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എരയാംകുടി സ്വദേശി നടക്കേപ്പറമ്പിൽ സലിം എന്നയാൾ ഓടിച്ചിരുന്ന സ്‌കൂട്ടറാണ് ഇടിച്ചത്.
മാള പൊലീസ് ആശുപത്രിയിലെത്തി മേൽനടപടികൾ സ്വീകരിച്ചു. ചാലക്കുടി താലൂക്ക് ആശുപ്രതി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് നടക്കും. സലിമിന്റെ പ്രാഥമിക മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭാര്യ: രജനി. മക്കൾ: ഗൗരിനന്ദൻ, ഹരിനന്ദൻ.