മാള: അന്തർ സർവകലാശാലകളിലെ സ്ഥലം മാറ്റത്തിൽ ഒരു വിഭാഗത്തിന്റെ നീതി നിഷേധത്തിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി ജീവനക്കാർ. ഇതു സംബന്ധിച്ച ഹൈക്കോടതി നിർദ്ദേശം നടപ്പാക്കിയില്ലെന്ന് ആക്ഷേപം നിലനിൽക്കെയാണ് വീണ്ടും കോടതിയെ സമീപിക്കാൻ ഒരു വിഭാഗം നീങ്ങുന്നത്.

ആരോഗ്യ സർവകലാശാലയിൽ സ്ഥലം മാറ്റത്തിന് അപേക്ഷിച്ചവരാണ് പരാതികളുമായി രംഗത്തുള്ളത്. സീനിയോറിറ്റിക്ക് അനുസരിച്ച് സ്ഥലം മാറ്റം അനുവദിക്കണമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവെങ്കിലും പി.എസ്.സി വഴി നിയമനം ലഭിച്ചവർക്ക് മാത്രമാണ് ആരോഗ്യ സർവകലാശാലയിലേക്ക് മാറ്റമുള്ളത്.

ഇതോടെ നേരിട്ട് നിയമനം ലഭിച്ച പരിചയ സമ്പന്നർ സ്ഥലം മാറ്റ പ്രക്രിയയിൽ നിന്ന് പുറത്തായിരിക്കുകയാണ്. സ്ഥലം മാറ്റം നിഷേധിക്കപ്പെട്ടവർ നൽകിയ ഹർജിയിൽ ആർട്ടിക്കിൾ 14 ന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് സർക്കാരിനോട് തുടർ നടപടികൾ സ്വീകരിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. സർവകലാശാലകളുടെ യോഗം വിളിച്ച് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ യോഗം വിളിച്ചെങ്കിലും അനുകൂല തീരുമാനം എടുത്തിരുന്നില്ല. ഇക്കാര്യത്തിൽ നിയമ വകുപ്പിന്റെ അഭിപ്രായം തേടിയില്ലെന്നും ആക്ഷേപമുണ്ട്.

കമന്റ്:

നിലവിൽ കേരളത്തിലെ സർവകലാശാലകളിൽ ജോലി ചെയ്യുന്ന പരിചയ സമ്പന്നരായ അസിസ്റ്റന്റുമാരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുന്ന നീക്കത്തിനെതിരെ വീണ്ടും നിയമ നടപടികൾ സ്വീകരിക്കുവാനുള്ള നീക്കത്തിലാണ്. ഇത് ഒരു വിഭാഗത്തിനോടുള്ള നീതി നിഷേധമാണ്.

- സിജു (അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ, സംസ്കൃത സർവകലാശാല)​.