തൃപ്രയാർ: നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധാനം ചെയ്യുന്ന ഒമ്പതാം വാർഡിലെ കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ് വിട്ട് വന്നവരെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ ഷാളണിയിച്ച് സ്വീകരിച്ചു. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം മുതൽ പഞ്ചായത്ത് തലം വരെ പൊതുമുതൽ കൊള്ളയടിച്ച് അഴിമതി നടത്തുന്നതിനാണ് ഊന്നൽ നൽകുന്നതെന്നും, ആത്മാർത്ഥതയും സത്യസന്ധതയുമുള്ളവർക്ക് നിൽക്കാൻ പറ്റാത്ത വിധം ദുഷിക്കുകയാണ് കോൺഗ്രസെന്നും കെ.കെ. അനീഷ് കുമാർ പറഞ്ഞു.

പ്രേംചന്ദ് (ചന്ദ്രൻ) പാനേഴത്ത്, രാജേഷ് പായക്കാട്ട്, സുകുമാരൻ നായർ, മദനൻ, ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ് മാസ്റ്റർ, എ.കെ. ചന്ദ്രശേഖരൻ, ലാൽ ഊണുങ്ങൽ, ഭഗീഷ് പൂരാടൻ, ഷാജി പുളിക്കൽ, രാജേഷ് കാരയിൽ, സെന്തിൽകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.