
തൃശൂർ:100 ശതമാനം ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്‌ഷൻ ഉറപ്പുവരുത്തുന്നതിന് ആരംഭിച്ച ജലജീവൻ മിഷന്റെ സംസ്ഥാന തല പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ എട്ടിന് നിർവഹിക്കും. ജില്ലാതല പ്രവർത്തനോദ്ഘാടനം എട്ടിന് വൈകീട്ട് 3.30ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ കാട്ടകാമ്പാൽ പഴഞ്ഞിയിലെ മഹാൻ ഓഡിറ്റോറിയത്തിൽ നിർവഹിക്കും.
തൃശൂർ ജില്ലയിലെ 607351 വീടുകളിൽ 178629 വീടുകളിലാണ് നിലവിൽ കുടിവെള്ള കണക്‌ഷനുകളുള്ളത്. ബാക്കി വീടുകൾക്കും കൂടി കുടിവെള്ള കണക്ഷൻ നൽകേണ്ടതുണ്ട്. ഒന്നാംഘട്ടം എന്ന നിലയ്ക്കാണ് നടപ്പ് സാമ്പത്തിക വർഷം 1.366 ലക്ഷം ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്‌ഷൻ നൽകാൻ സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ചടങ്ങിൽ അദ്ധ്യക്ഷയാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീഡിയോ കോൺഫറൻസായി നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാർ, മന്ത്രി സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് അഡ്വ. കെ. രാജൻ തുടങ്ങിയവർ പങ്കെടുക്കും.
ലക്ഷ്യം
ജില്ലയിലെ എല്ലാ ഗ്രാമീണ വീടുകളിലും ടാപ്പ് വഴി കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്. 2024 ആകുമ്പോഴേക്കും ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലേക്കും സുരക്ഷിതമായ കുടിവെള്ളം എത്തിക്കാനാണ് ജലജീവൻ മിഷൻ വഴി സർക്കാർ തുടക്കമിടുന്നത്.
ജില്ലയിലെ ആകെ വീടുകൾ- 607351
കുടിവെള്ള കണക്ഷനുള്ളത് - 178629