 
തൃശൂർ: സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊന്ന കേസിലെ പ്രതികളുടെ രാഷ്ട്രീയബന്ധത്തെ ചൊല്ലിയുളള സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പോര് മുറുകുമ്പോൾ രാഷ്ട്രീയം വ്യക്തമാക്കാതെ ഒഴിഞ്ഞുമാറുകയാണ് പൊലീസ്. പ്രതികൾ സംഘപരിവാർ പ്രവർത്തകരെന്ന് മന്ത്രി എ.സി. മൊയ്തീനും സി.പി.എം നേതാക്കളും ആവർത്തിക്കുമ്പോൾ എല്ലാവരും സി.പി.എം ബന്ധമുള്ളവരാണെന്നാണ് ബി.ജെ.പിയുടെ വാദം. നവമാദ്ധ്യമങ്ങളിലടക്കം ഇക്കാര്യം ഉയർത്തി അണികൾ വാക്‌പോരിലാണ്. അതേസമയം, മന്ത്രിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങി. ഇന്നലെ കുന്നംകുളത്ത് മന്ത്രിയുടെ ഓഫീസിനു മുന്നിൽ ബി.ജെ.പി ഉപവാസം സമരം നടത്തി.
സനൂപ് വധക്കേസിലെ മുഖ്യപ്രതി നന്ദനെ പിടികൂടിയെങ്കിലും ഇയാളുടെ രാഷ്ട്രീയബന്ധം വെളിപ്പെടുത്താൻ ഇതു വരെയും പൊലീസ് തയ്യാറായിട്ടില്ല. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിൽ നേരിട്ടും അല്ലാതെയും പങ്കെടുത്ത അഞ്ചു പേരെ കൂടി ഇനി പിടികൂടാനുണ്ട്. ഇവർ ഒളിവിലാണ്.
......................
മന്ത്രിക്കെതിരെ നിയമനടപടികൾ തുടങ്ങി: ബി.ജെ.പി.
....................
സനൂപ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ വ്യാജ പ്രചാരണം നടത്തിയ മന്ത്രി എ.സി. മൊയ്തീനെതിരെ നിയമ നടപടികൾ ആരംഭിച്ചതായാണ് ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ വ്യക്തമാക്കുന്നത്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ, കുന്നംകുളം എ.സി.പി, സി.ഐ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. മന്ത്രിക്കെതിരെ കേസെടുത്തില്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വർഗീയ രാഷ്ട്രീയ ലഹളയ്ക്ക് മന്ത്രി ആഹ്വാനം നൽകിയെന്നും ബി.ജെ.പി ആരോപിക്കുന്നു. മന്ത്രിയെന്ന നിലയിൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മൊയ്തീനെതിരെ ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നാണ് ബി.ജെ.പി. പറയുന്നത്.
.........
ഒഴിഞ്ഞുമാറാനുള്ള ആർ.എസ്.എസ് - ബി.ജെ.പി ശ്രമം വിലപ്പോവില്ല: സി.പി.എം
.............
സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കൊലപ്പെടുത്തിയശേഷം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ആർ.എസ്.എസ് - ബി.ജെ.പി ശ്രമം വിലപ്പോകില്ലെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് പറഞ്ഞു. സനൂപിനെ കൊലപ്പെടുത്തിയത് സംഘ്പരിവാർ ശക്തികളാണെന്ന് പകൽ പോലെ വ്യക്തമാണ്. അറസ്റ്റിലായ ചിറ്റിലങ്ങാട് തറയിൽ നന്ദനൻ ആർ.എസ്.എസ് പ്രവർത്തകനാണ്. ഈ കേസിൽ പൊലീസ് അന്വേഷിക്കുന്നതും കൂട്ടുപ്രതികളായ സംഘ്പരിവാർ പ്രവർത്തകരെ തന്നെയാണ്. സനൂപിന്റെ കൊലപാതകത്തിൽ സംഘ്പരിവാറിന്റെ പങ്ക് ഇത്രയും വ്യക്തമായയോടെ ജനവികാരം മറികടക്കാനുള്ള തന്ത്രമാണ് മന്ത്രി എ.സി മൊയ്തീന്റെ ഓഫീസിന് മുന്നിൽ സമരം നടത്തിയതുവഴി ബി.ജെ.പി ശ്രമിച്ചതെന്നും ജില്ല സെക്രട്ടറി എം.എം വർഗീസ് പറഞ്ഞു.