covid

തൃശൂർ: കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു, മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് കിടക്കാനിടമില്ല. മെഡിക്കൽ കോളേജ്, നെഞ്ച് രോഗാശുപത്രി, ഇ.എസ്.ഐ ആശുപത്രി എന്നിവിടങ്ങളിലായി എട്ട് വാർഡുകളാണ് കൊവിഡ് രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

മെഡിക്കൽ കോളേജിൽ നിലവിൽ കാൻസർ, വൃക്ക രോഗം പോലുള്ള ഗുരുതര രോഗം ബാധിച്ചവരെയാണ് പ്രവേശിപ്പിക്കുന്നത്. മെഡിക്കൽ കോളേജിലെ മൂന്നു വാർഡുകളിലും ഇതിനകം രോഗികളുടെ എണ്ണം നിരവധിയാണ്. പല വാർഡുകളിലും സജ്ജീകരിച്ച കിടക്കകളേക്കാൾ ഇരട്ടിയോളം പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതോടെ പലർക്കും നിലത്ത് കിടക്കേണ്ട അവസ്ഥയാണ് ഉള്ളത്.

കിടക്കകളിലുള്ളവരെ പോലും ശരിയായ രീതിയിൽ പരിചരിക്കാൻ ആവശ്യമായ ജീവനക്കാർ ഇല്ലാതെ വട്ടംകറങ്ങുന്നതിനിടെയാണ് കൂടുതൽ രോഗികളെ പ്രവേശിപ്പിക്കുന്നത്. പേ വാർഡുകളിലും എണ്ണം കൂടിവരികയാണ്. ആകെയുള്ള 25 പേ വാർഡുകളിൽ 30 പേരാണ് കിടക്കുന്നത്. പല മുറികളിലും രണ്ട് പേരെ വീതമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

എണ്ണം കൂടിയതോടെ രോഗികളെ കുറിച്ച് വിവരം അറിയാൻ സാധിക്കാത്ത അവസ്ഥയുണ്ട്. നാലു ദിവസം മുമ്പ് മെഡിക്കൽ കോളേജിലേക്ക് എത്തിച്ച രോഗികളെ കുറിച്ചുള്ള വിവരം ലഭിക്കുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. കൊവിഡ് രോഗികളുടെ ആരോഗ്യ നിലയെ കുറിച്ചറിയാൻ ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കണമെന്ന ആവശ്യത്തോട് ഇതുവരെയും അധികൃതർ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഗർഭിണികൾക്കും മറ്റും ബന്ധുക്കൾ എത്തിക്കുന്ന ഭക്ഷണം പോലും രോഗിയുടെ അടുത്ത് എത്തിക്കുന്നത് മണിക്കൂറുകൾ കഴിഞ്ഞാണ്.

വരും ദിവസങ്ങളിൽ കൂടുതൽ കൊവിഡ് രോഗികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏറെ വലയ്ക്കുന്നത് മെഡിക്കൽ കോളേജ് അധികൃതരെയാണ്. പലപ്പോഴും രോഗം ഭേദമായി പോകുന്നവരുടെ മുറയ്ക്ക് മറ്റുള്ളവരെ കൊണ്ട് വരികയാണ് ചെയ്യുന്നത്. മെഡിക്കൽ കോളേജിൽ മൂന്നും നെഞ്ച് രോഗാശുപത്രിയിൽ നാലും ഇ.എസ്.ഐ ആശുപത്രിയിൽ ഒരു വാർഡുമാണ് കൊവിഡ് രോഗികൾക്കായി മാറ്റി വച്ചിരിക്കുന്നത്.


നെഞ്ച് രോഗാശുപത്രിയിൽ 250 കിടക്കകൾ കൂടി

നെഞ്ച് രോഗാശുപത്രിയിൽ നാലു വാർഡുകളാണ് കൊവിഡ് ചികിത്സയ്ക്കായി സജ്ജീകരിച്ചിരുന്നത്. രോഗികളുടെ എണ്ണം കൂടിയതോടെ എതാനും വാർഡുകൾ കൂടി കൊവിഡ് ചികിത്സയ്ക്കായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് മെഡിക്കൽ കോളേജ് അധികൃതർ. ഇതിനായി നെഞ്ചുരോഗാശുപത്രിയിൽ ചികിത്സയിലുള്ളവരെ ഒഴിവുള്ള മറ്റിടങ്ങളിലേക്ക് മാറ്റിയാണ് സ്ഥലം വിട്ടുനൽകിയിരിക്കുന്നത്.

250 ഓളം കിടക്കകൾ സജ്ജീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ക്രമീകരണങ്ങൾ പൂർത്തിയായി വരികയാണ്. നേരത്തെ ഇവിടത്തെ കാൻസർ രോഗികളെ അമല മെഡിക്കൽ കോളേജിലേക്ക് മാറ്റി ആ വാർഡുകളിൽ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ ഇതിൽ വ്യാപകമായ എതിർപ്പ് ഉയർന്നതോടെയാണ് മറ്റ് വാർഡുകളിലെ രോഗികളെ മാറ്റി ആ സ്ഥലം ഉപയോഗിക്കാൻ തീരുമാനിച്ചത്.


മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർ

വാർഡ് 9

ആകെ കിടക്കകൾ- 67

നിലവിലുള്ള രോഗികൾ- 85

വാർഡ് 10

ആകെ കിടക്കകൾ- 61

നിലവിലെ രോഗികൾ- 90

വാർഡ് 11

ആകെ കിടക്കകൾ- 68

നിലവിലെ രോഗികൾ- 90

കൊവിഡ് വാർഡുകൾ

മെഡിക്കൽ കോളേജ് 9, 10, 11

നെഞ്ച് രോഗാശുപത്രി 3, 4, 9, 13

ഇ.എസ്.ഐ ആശുപത്രി 1 വാർഡ്