
തൃശൂർ: ആധുനിക ചികിത്സാ സംവിധാനങ്ങളോടെ മികച്ച നിലവാരത്തിൽ ജനറൽ ആശുപത്രിയുടെ സൗകര്യം വിപുലപ്പെടുത്തുന്നതിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചു. സൗകര്യങ്ങൾ കൂടിയതോടെ ആശുപത്രിയുടെ സേവനം തേടിയെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായെന്നാണ് അധികൃതരുടെ അവകാശവാദം.
ആശുപത്രികളിലെ ഗുണനിലവാര പരിശോധന കൂട്ടുന്നതിന്റെ ഭാഗമായി നടത്തിയ കായകൽപ് അസെസ്മെന്റിൽ ജില്ലാതലത്തിൽ ജനറൽ ആശുപത്രി രണ്ടാം സ്ഥാനം നേടിയിരുന്നു. ആശുപത്രിയുടെ മറ്റ് ദൈനംദിന കാര്യങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ ജീവനക്കാരെയും നിയോഗിച്ചിരുന്നു. ഇതിനായി കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ ആസ്തി വികസന ഫണ്ടിൽ നിന്നും 88 കോടി രൂപ ആശുപത്രിക്ക് അനുവദിച്ചു.
പദ്ധതി നടപ്പിലാക്കാൻ ഇൻകെലിനെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി നിശ്ചയിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡ് സമുച്ചയം നിർമ്മിക്കുന്നതിന് അനുവദിച്ച 7.25 കോടി രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ചു. രണ്ടാംഘട്ട നിർമ്മാണത്തിന് 7.5 കോടി രൂപ അനുവദിക്കുകയും നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ഇതുവഴി 14.75 കോടി രൂപ ചെലവഴിച്ചു. എം.പി ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ വിനിയോഗിച്ചാണ് കണ്ണുരോഗ വിഭാഗത്തിൽ ഒ.ആർ.എം ആൻഡ് ഇൻഡയറക്ട് ഓഫ്‍താൽമോസ്കോപ് സ്ഥാപിച്ചത്. എം.എൽ.എ ഫണ്ട് 22 ലക്ഷം രൂപ വിനിയോഗിച്ച് ഒപ്റ്റിക്കൽ കോഹെറേൻസ് ടോമോഗ്രഫി, മാമോഗ്രാം സി.ആർ കെസെറ്റ്, സി.ടി സ്കാൻ യൂണിറ്റുകൾ എന്നിവ സ്ഥാപിച്ചു.
മറ്റെല്ലാ മെഷിനറികളും പൂർണമായി പ്രവർത്തനക്ഷമമാക്കി. എസ്.എൻ.സി തുടങ്ങിയ വിഭാഗങ്ങളിൽ ആറ് എ.സികൾ സ്ഥാപിച്ചു. ശ്വാസകോശ വിഭാഗത്തിൽ സി.ഓ.പി.ഡി ക്ലിനിക്കും, ബ്രോങ്കോസ്കോപ്പിയും ആരംഭിച്ചു. ഡയാലിസിസ് യൂണിറ്റിലേക്ക് പുതിയ ഉപകരണം വാങ്ങാൻ 19.4 ലക്ഷം രൂപയും, ഗൈനക്കോളജി വകുപ്പിന് ഉപകരണം വാങ്ങാൻ 27.4 ലക്ഷം രൂപയും എം.എൽ.എ ഫണ്ടിൽ നിന്നും മന്ത്രി വി.എസ് സുനിൽകുമാർ നൽകി.
കാത്ത് ലാബ് പൂർത്തീകരിക്കുന്നു
കാത്ത് ലാബിന്റെ നിർമ്മാണവും പൂർത്തീകരണ ഘട്ടത്തിലാണ്. നവീകരിച്ച കെട്ടിടങ്ങളും പാർക്കിംഗ് സൗകര്യങ്ങളും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ഒ.പി കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സ് റേ, ഇ.സി.ജി, ലാബ്, ഫാർമസി, അത്യാധുനിക രീതിയിലുള്ള ഓപ്പറേഷൻ തീയേറ്റർ തുടങ്ങിയവയും ഒരുക്കി. സർക്കാരിന് കീഴിലായിരുന്ന ആശുപത്രി 2016 ലാണ് കോർപറേഷന് കൈമാറിയത്.
സിസേറിയൻ നിരക്കിൽ മിനിമം പ്രതിദിനരോഗികൾ: 3000
പ്രതിമാസം പ്രസവങ്ങൾ: 400
പ്രതിദിനം മൈനർ സർജറികൾ: 6000
മേജർ സർജറികൾ: ഇരുന്നൂറോളം