road

തൃശൂർ: കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഉടൻ സ്ഥലം കണ്ടെത്താൻ തഹസിൽദാർമാരോട് കളക്ടർ നിർദ്ദേശിച്ചു. പദ്ധതിക്കാവശ്യമായ 500 ഏക്കർ സ്ഥലമാണ് കണ്ടെത്തുക. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി.

160 കിലോമീറ്റർ പരിധിക്കുള്ളിലാണ് വ്യവസായ ഇടനാഴി വരുന്നത്. ഇതിൽ ജില്ലയിൽ പദ്ധതി ആരംഭിക്കാനുള്ള സ്ഥലമാണ് ഉടൻ കണ്ടെത്താൻ കളക്ടർ നിർദ്ദേശിച്ചത്. സ്ഥലം കണ്ടെത്തുമ്പോൾ ജനവാസ മേഖലകൾ, പാടശേഖരങ്ങൾ എന്നിവ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. പദ്ധതിക്ക് അഭികാമ്യമായ എസ്റ്റേറ്റ് പോലുള്ള സ്ഥലങ്ങളാണ് കൂടുതലും പരിഗണിക്കുന്നത്. ഭൂമി ഏറ്റെടുത്ത് ഉടമകൾക്ക് നഷ്ടപരിഹാരം നൽകും.

20,000 പേർക്ക് ആദ്യഘട്ടത്തിൽ ജോലി ലഭിക്കുന്ന തരത്തിലാണ് കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി. എറണാകുളത്തും പാലക്കാടും ഇതിന്റെ ഭാഗമായി പ്രാരംഭ ഓഫീസ് പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ ജില്ലയിലും ഉടൻ ഓഫീസ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.