 
കയ്പമംഗലം: നിനവ് എന്ന പേരിൽ പെരിഞ്ഞനം പഞ്ചായത്തിൽ കോമൺ ഫെസിലിറ്റി സെന്റർ രൂപപ്പെടുമ്പോൾ കേരളം സാക്ഷ്യം വഹിക്കുന്നത് കുടുംബശ്രീയുടെ ചരിത്രത്തിലെ മറ്റൊരു കാൽവയ്പിന്. ബൾബ് നിർമ്മാണ രംഗത്തേയ്ക്ക് കുടുംബശ്രീ വനിതകൾ ചുവടുറപ്പിച്ചിട്ടുണ്ടെങ്കിലും, സംസ്ഥാനത്ത് ആദ്യമായാണ് ഒരു കൂട്ടം വനിതകൾ ബൾബുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള അനുമതി നേടുന്നത്.
കേരളത്തിന്റെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ടെൻഡർ ഇല്ലാതെ നേരിട്ട് പണികൾ ഏറ്റെടുത്ത് നടത്താനുള്ള അനുമതിയാണ് നിനവ് കോമൺ ഫെസിലിറ്റി സെന്ററിലേക്ക് പ്രവർത്തനം മാറ്റി സ്ഥാപിക്കുന്ന സർക്യൂട്ട് ടെക്‌നോളജി യൂണിറ്റ് എന്ന കുടുംബശ്രീ യൂണിറ്റ് നേടിയെടുത്തിരിക്കുന്നത്. 2020 ഫെബ്രുവരി 15നാണ് ഒരു ചെറുകിട സംരംഭമെന്ന നിലയിൽ വൈദ്യുതി ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ എല്ലാ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുത്ത 10 പേരെ ഉൾപ്പെടുത്തി സർക്യൂട്ട് ടെക്‌നോളജി യൂണിറ്റിന് തുടക്കം കുറിക്കുന്നത്.
എൽ.ഇ.ഡി ബൾബുകൾ, സോളാർ ബൾബുകൾ, ഹൈമാസ്റ്റ് ബൾബുകൾ എന്നിവയുടെ നിർമ്മാണവും പുനഃസ്ഥാപനവും ഇവർ തന്നെ നിർവഹിക്കും. ഇ-വേസ്റ്റ് ഉണ്ടാകാതെ ബൾബുകളെ റീ കണ്ടീഷൻ ചെയ്‌തെടുക്കുന്ന പ്രക്രിയയാണ് നടത്തുന്നത്.
നിലവിൽ തളിക്കുളം, വാടാനപ്പിള്ളി, ഏങ്ങണ്ടിയൂർ, വെള്ളാങ്ങല്ലൂർ, അരിമ്പൂർ പഞ്ചായത്തുകളിലും വടക്കാഞ്ചേരി, ഇരിങ്ങാലക്കുട നഗരസഭകളിലും പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. നിഷ രവീന്ദ്രൻ, ടി.എം. നിമിഷ, നോനിത ബിജേഷ്, ജയന്തി മനോജ്, പി.എം. ഹിമ, മിൻസി ഹസൈനാർ, എൻ.വൈ. നാസില, സിനി സുമേഷ്, ജിഷിത ഷിബിൻ, സുചിത്ര വിജേഷ് എന്നിവരാണ് സംഘാംഗങ്ങൾ.
വൈദ്യുതി പോസ്റ്റിൽ കയറി ബൾബുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള പരിശീലനവും നൽകി വരികയാണ്. നിനവ് കോമൺ ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബർ എട്ടിന് രാവിലെ 11ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് അറിയിച്ചു.