പുതുക്കാട്: ഉഴിഞ്ഞാൽ പാടത്ത് വൈദ്യുതി കമ്പിയിൻ തട്ടി ഷോക്കേറ്റ് യുവകർഷകൻ മാട്ടിൽ മനോജിന്റെ (44) മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്ത് പൊലീസ്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് നരഹത്യ ഉൾപടെയുള്ള വകുപ്പുകൾ ചേർത്ത് ബന്ധപെട്ടവരെ പ്രതിചേർത്ത് കേസെടുക്കും. ഉദ്യോഗസ്ഥരുടെ തികഞ്ഞ അനാസ്ഥയാണ് മനോജിന്റെ മരണത്തിന് കാരണമായതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ തൃശുർ ടൗൺ ഹാളിൽ നടന്ന വൈദ്യുതി അദാലത്തിലും മനോജും സുഹൃത്ത് ജയനും ചേർന്ന് നൽകിയ പരാതി പരിഗണിച്ചിരുന്നു. ജയനെയും മനോജിനെയും അദാലത്തിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഉടനെ അപകടകരമായ നിലയിലുള്ള കമ്പികൾ പുർവ്വസ്ഥിതിയിലാക്കാമെന്ന് ഉറപ്പും നൽകിയിരുന്നു.
എന്നാൽ പരാതിക്ക് പരിഹാരം കാണാത്ത ഉദ്യോഗസ്ഥർ വാദിയെ പ്രതിയാക്കാൻ ശ്രമിക്കുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്.
നിലം ഒരുക്കുന്നതിനിടെ ട്രാക്ട്ടർ തട്ടി വൈദ്യുതികാൽ ചെരിഞ്ഞതാണ് കമ്പികൾ താഴാൻ ഇടയാക്കിയതെന്നും ഒരാഴ്ച മുമ്പ് വൈദ്യുതി ലൈനിന്റെ സുരക്ഷ ഉറപ്പു വരുത്തിയതാണെന്നുമുള്ള പുതുക്കാട് സെക്ഷൻ അസിസ്റ്റന്റ് എൻജിനിയറുടെ പ്രസ്ഥാവന കാണിക്കുന്നതും വാദിയെ പ്രതിയാക്കാനുള്ള നീക്കമാണ്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ട്ടറേറ്റിന് അപകട മരണത്തിന്റെ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയപ്പോൾ അവർക്കൊപ്പം എത്തിയ ബന്ധപെട്ട എൻജിനിയർ എഴുതിയ മഹസറിൽ, തെറ്റും അവ്യക്തതയും കണ്ടതിനെ തുടർന്ന് വായിച്ചു കേട്ട നാട്ടുകാർ പ്രശ്‌നം ഉണ്ടാക്കിയിരുന്നു. തുടർന്ന് തിരുത്തി എഴുതുകയും ചെയ്തു.
കൊവിഡ് പ്രാട്ടോക്കോൾ ഒന്നും നോക്കാതെ തടിച്ചുകൂടിയ നാട്ടുകാർ രോഷാകലരായിരുന്നു. കനത്ത പൊലീസ് സംരക്ഷണത്തോടെയാണ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ട്ടറേറ്റ് ഉദ്യോഗസ്ഥർ എത്തിയത്.
..........................
മനോജിന്റെ വീട്ടിലെ വൈദ്യുതി പുനസ്ഥാപിച്ചു.
പുതുക്കാട്: അപകടത്തിൽ മരിച്ച മനോജിന്റെയും സമീപത്തെ രണ്ട് വീടുകളിലേക്കുമുള്ള വൈദ്യുതി ബന്ധം ഇന്നലെ വൈകീട്ടോടെ പുനസ്ഥാപിച്ചു. വളഞ്ഞുപ്പാടം ട്രാൻസ്‌ഫോർമറിൽ നിന്നുള്ള വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മനോജ് മരിച്ചതിനെ തുടർന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. കണ്ണുംപത്തൂരിൽ റോഡിലൂടെ ഉള്ള വൈദ്യുതി ലൈനിൽ നിന്നും മൂന്ന് കാലുകൾ സ്ഥാപിച്ചാണ് മനോജിന്റെത് ഉൾപ്പെടെയുള്ള മൂന്നു വീടുകളിലേക്കും വൈദ്യുതി നൽകിയത്. ഇതോടെ പതിനെട്ടോളം കാലുകൾ വഴി പാടത്തു കൂടിയുള്ള വൈദ്യുതി ലൈയിൻ ഒഴിവാക്കാനാകും.