ചാലക്കുടി: കൊവിഡ് പ്രോട്ടോക്കോളിന്റെ കടുത്ത നിയന്ത്രണത്തിൽ കൊരട്ടി മുത്തിയുടെ തിരുനാളിന് കൊടിയേറി. ലളിതമായ ചടങ്ങുകളോടെ വികാരി ഫാ.ജോസ് ഇടശേരി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് ആഘോഷമായ പാട്ടുകുർബ്ബാന, നൊവേന, ജപമാല എന്നിവ നടന്നു. വികാരി ജനറാൾ ഫാ.ഹോർമിസ് മൈനാട്ടി കാർമ്മികത്വം വഹിച്ചു. ശനി, ഞായർ ദിവസങ്ങളിലാണ് തിരുനാൾ. വിശ്വാസികളെ പരമാവധി ഒഴിവാക്കിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ. പതിവു പോലെ മുത്തിയുടെ സന്നിദ്ധിയിൽ ആദ്യത്തെ പൂവൻ കുല സമർപ്പണം പൊലീസിന്റേതായിരുന്നു. സി.ഐ ബി.കെ. അരുണിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ കായക്കുലകൾ പള്ളിയിൽ സമർപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഇടവകക്കാരുടെ പൂവൻകായ സമർപ്പണം നടക്കും. എന്നാൽ ഒരേ സമയം അഞ്ചു പേർക്കായിരിക്കും പള്ളിയിലേക്ക് പ്രവേശനം.