
തുമ്പൂർ: 29ാം വയസിൽ ഗൾഫ് ജീവിതം ഉപേക്ഷിച്ച് ടോം കിരൺ ഡേവിസ് അഞ്ച് വർഷം മുമ്പ് നാട്ടിലേക്ക് തിരിച്ചു പറക്കുമ്പോൾ മനസിൽ ഉറച്ചിരുന്നു, കൃഷിയറിവിന്റെ വേരുകൾ. അങ്ങനെ കാർഷിക ജീവിതം തുടങ്ങി, തൊഴിലുറപ്പ് പദ്ധതിയിലൂടെ. കാലങ്ങളായി തരിശായി കിടന്നിരുന്ന ഒന്നരയേക്കർ പാടത്ത് നെൽക്കൃഷിയിറങ്ങി.
വയലുകൾ പാട്ടത്തിനെടുത്തും മറ്റു കർഷകരുമായി ചേർന്നും കൃഷിയുടെ വ്യാപ്തി കൂട്ടി. വേളൂക്കര പഞ്ചായത്തും, കൃഷിഭവനും, അത്താണി പുരുഷ സ്വയം സഹായ സംഘവും, സുഹൃത്തുക്കളായ യുവ കർഷകരും സംയുക്തമായി കൃഷിയിടമാക്കി മാറ്റി, നൂറ്റിയമ്പതോളം ഏക്കർ തരിശുഭൂമികൾ.
കുറുവ, രക്തശാലി, മട്ടത്രിവേണി എന്നീ നെൽവിത്തുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. 15 ഏക്കറിൽ നൂറ് ശതമാനം ജൈവമായി കൃഷി ചെയ്യുന്നു. ഇത് നേരിട്ട് വിൽപ്പന നടത്തും. മറ്റുള്ളയിടങ്ങളിൽ സാധാരണ കൃഷി രീതിയിലൂടെ വിളയിക്കുന്ന നെല്ല് സപ്ളൈകോ വഴി പൊതുവിതരണ സംവിധാനങ്ങളിലേക്ക് എത്തിക്കും. മഞ്ഞൾ, ഇഞ്ചി, വാഴ, റബ്ബർ, ജാതി എന്നിവയും ടോമിന്റെ കൃഷിയിടങ്ങളിൽ വിളയുന്നുണ്ട്. മാനസിക സമ്മർദ്ദമുളള ജോലിത്തിരക്കുകൾക്കിടയിലും ടോമിൻ്റെ മനസ് എപ്പോഴും ഓടിയെത്തിയിരുന്നത് കുട്ടിക്കാലത്ത് അപ്പച്ചന്റെയൊപ്പം പോയിരുന്ന പാടവരമ്പുകളിലേക്കാണ്. സംസ്ഥാന യുവജന ക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ 2018 ലെ സ്വാമി വിവേകാനന്ദ യുവപ്രതിഭാ പുരസ്‌കാര ജേതാവായി നിൽക്കുമ്പോഴും പറയാൻ കൃഷിയുടെ വിശേഷം മാത്രം.
കായികതാരം
തുമ്പൂർ കോങ്കോത്ത് വീട്ടിൽ ഡേവിസിന്റെയും കുസുമത്തിന്റെയും മകനായ ടോം വടക്കാഞ്ചേരി ശ്രീ വ്യാസ എൻ.എസ്.എസ് കോളേജിലെ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ നിന്ന് ബിരുദവും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. അഞ്ച് വർഷം കോളേജിനെ പ്രതിനിധീകരിച്ച് വോളിബാൾ മത്സരങ്ങളിൽ പങ്കെടുക്കാനും രണ്ടു തവണ യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടാനും കഴിഞ്ഞിട്ടുണ്ട്. 2016 ൽ മികച്ച ജൈവ കർഷകനുള്ള വേളൂക്കര പഞ്ചായത്തിന്റെ അവാർഡും, ഗ്രാമീണ മേഖലയിൽ യുവാക്കൾ നടത്തുന്ന കാർഷിക സംഭാവനകൾക്കുള്ള അംഗീകാരമായി 2018 ൽ ദേശീയ തലത്തിൽ നടന്ന ന്യൂ ഇന്ത്യ കോൺക്ളേവിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും സാധിച്ചിട്ടുണ്ട്. തുമ്പൂർ പാടശേഖര സമിതിയുടെ സെക്രട്ടറിയാണ്. കൃഷിയിടങ്ങളിൽ സഹായിയായി ഭാര്യ ബ്ലെസിയുമുണ്ട്.
വിപണനത്തിന്റെ രസം, തന്ത്രം
ഇടനിലക്കാരില്ലാതെ വാട്‌സ് ആപ്പ് , ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ നവമാദ്ധ്യമങ്ങളിലെ ഗ്രൂപ്പുകൾ വഴി ലോകത്തെമ്പാടുമുള്ള ആളുകൾക്ക് തന്റെ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുകയും ആവശ്യക്കാർക്ക് പാഴ്‌സൽ സർവീസ് വഴി നേരിട്ടെത്തിച്ചു കൊടുക്കുന്നു. മായങ്ങളില്ലാത്ത ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് യഥേഷ്ടം ലഭിക്കും എന്നതാണ് ഈ രീതിയുടെ സുതാര്യത.
''നിരവധി കർഷകരടങ്ങുന്ന കൊച്ചുഗ്രാമമാണ് ഞങ്ങളുടേത്. കൃഷി ഉപജീവന മാർഗ്ഗമായി സ്വീകരിച്ച് മുഴുവൻ സമയ കർഷകരായി ജീവിക്കുന്ന കുറേ കർഷകരുടെ പ്രതിനിധി മാത്രമാണ് ഞാൻ. അങ്ങനെയുള്ളവരിൽ നിന്നുള്ള ഊർജ്ജവും പ്രചോദനവും ഉൾക്കൊണ്ടാണ് ഇവിടെ വരെയെത്തിയത്. അതുകൊണ്ടു തന്നെ ഈ അവാർഡ് അവർക്ക് സമർപ്പിക്കുന്നു.
ടോം കിരൺ ഡേവിസ്